Top

'വിമത എംഎൽഎമാർ ബിജെപിയുടെ കാലാളുകൾ'; പുതിയ നീക്കവുമായി ശിവസേന സുപ്രീംകോടതിയിൽ

മഹാരാഷ്ട്രയിൽ ബിജെപിയുടെ പിന്തുണയോടെ അധികാരം പിടിക്കാനായെങ്കിലും പാർട്ടിയെ നിയന്ത്രിക്കാനുള്ള പോരാട്ടം ഷിൻഡെ പക്ഷം തുടരുമ്പോഴാണ് ഉദ്ധവ് പക്ഷത്തിന്റെ പുതിയ നീക്കം.

1 July 2022 8:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിമത എംഎൽഎമാർ ബിജെപിയുടെ കാലാളുകൾ; പുതിയ നീക്കവുമായി ശിവസേന സുപ്രീംകോടതിയിൽ
X

മുംബെെ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാ​ഗത്തിനെതിരെ പുതിയ നീക്കവുമായി ശിവസേന സുപ്രീംകോടതിയിൽ. വിമത ശിവസേന എംഎൽഎമാരെ നിയമസഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടാണ് പുതിയ ഹർജിയുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സുപ്രീം കോടതിയിലേക്കെത്തിയത്. തനിക്കെതിരെ വിമത നീക്കം നടത്തിയ ഷിൻഡെ വിഭാ​ഗം ബിജെപിയുടെ കാലാൾപ്പടയാണെന്നും ഉദ്ധവ് പ്രതികരിച്ചു. അതേസമയം അയോഗ്യത സംബന്ധിച്ച കേസിൽ തിങ്കളാഴ്ച കോടതി വാദം കേൾക്കും.

നടപടിക്രമങ്ങൾ നിലനിൽക്കുന്ന 16 വിമത എംഎൽഎമാരെ സസ്‌പെൻഡ് ചെയ്യുന്നതിനും സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുന്നതിനും താക്കറെ പക്ഷത്തിനായി അഭിഭാഷകൻ കപിൽ സിബലാണ് കോടതിയിലെത്തിയത്. "എംഎൽഎമാർ ബിജെപിയുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുകയും അതുവഴി കൂറുമാറ്റം എന്ന ഭരണഘടനാപരമായ പാപവും ചെയതിരിക്കുന്നു. അതുകൊണ്ടുതന്നെ ഇവരെ ഒരു ദിവസം പോലും നിയമസഭാംഗങ്ങളായി തുടരാൻ അനുവദിക്കരുത്" എന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ താക്കറെ വിഭാ​ഗം അറിയിച്ചു.

എന്നാൽ തങ്ങളെ അയോഗ്യരാക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിമത എംഎൽഎമാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ ബിജെപിയുടെ പിന്തുണയോടെ അധികാരം പിടിക്കാനായെങ്കിലും പാർട്ടിയെ നിയന്ത്രിക്കാനുള്ള പോരാട്ടം ഷിൻഡെ പക്ഷം തുടരുമ്പോഴാണ് ഉദ്ധവ് പക്ഷത്തിന്റെ പുതിയ നീക്കം.

അതേസമയം ഒമ്പതു ദിവസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്ത്വത്തിനു ശേഷം ഇന്നലെയാണ് ഏകനാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തങ്ങളാണ് യഥാർത്ഥ ശിവസേനയെന്ന് ഷിൻഡെ പക്ഷം സുപ്രീം കോടതിയിൽ പ്രഖ്യാപിച്ചിരുന്നു. ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുമായും (എൻസിപി), കോൺഗ്രസുമായും ചേർന്ന് "കൃത്രിമ സഖ്യം" രൂപീകരിച്ചത് വഴി ബാൽ താക്കറെയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ വെള്ളം ചേർത്തതായും ഏക്നാഥ് ഷിൻഡെ പ്രതികരിച്ചിരുന്നു.

Story Highlights: Shiv Sena has filed a new plea in Supreme Court against Maharashtra Chief Minister Eknath Shinde faction

Next Story