Top

മഹാരാഷ്ട്രയില്‍ നാല് വിമതർ കൂടി അയോഗ്യർ; ഡെപ്യൂട്ടി സ്പീക്കറെ മാറ്റണമെന്ന ആവശ്യവുമായി സ്വതന്ത്രര്‍

24 Jun 2022 10:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഹാരാഷ്ട്രയില്‍ നാല് വിമതർ കൂടി അയോഗ്യർ; ഡെപ്യൂട്ടി സ്പീക്കറെ മാറ്റണമെന്ന ആവശ്യവുമായി സ്വതന്ത്രര്‍
X

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ നാല് എംഎല്‍എമാരെക്കൂടി അയോഗ്യരാക്കുമെന്ന് ശിവസേന. ഏക്‌നാഥ് ഷിന്‌ഡെയുടെ വിമത ക്യാമ്പിലെത്തിയ എംഎല്‍എമാരെയാണ് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന അയോഗ്യരാക്കുന്നത്. ശിവസേനയുടെ അമ്പത് എംഎല്‍എമാരില്‍ നാല്‍പ്പത് പേരും തന്നെയാണ് പിന്തുണക്കുന്നതെന്ന് ഏക്‌നാഥ് ഷിന്‍ഡെ ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പതിനാറ് എംഎല്‍എമാരെയാണ് അയോഗ്യരാക്കിയത്. വിമത എംഎല്‍എമാര്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ഉദ്ദവ് താക്കറെ അഭിപ്രായപ്പെട്ടു. കര്‍ണാടകയിലും സമാനമായ അവസ്ഥ ഉണ്ടായി, അവിടെ സുപ്രീംകോടതി തന്നെ വിമത എംഎല്‍എമാരെ അയോഗ്യരാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്‍സിപി എംഎല്‍എയായ നര്‍ഹരി സിര്‍വാളിനെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ രംഗത്ത് വന്നിട്ടുണ്ട്. സ്വതന്ത്ര എംഎല്‍എമാരായ മഹേഷ്് ബല്‍ഡി, വിനോദ് അഗര്‍വാള്‍ എന്നിവരാണ് നര്‍ഹരിയെ മാറ്റണമെന്നാവശ്യപ്പെട്ടത്. അരുണാചല്‍ പ്രദേശില്‍ എംഎല്‍എമാരെ സ്പീക്കര്‍ക്ക് അനുമതി നിഷേധിച്ച സുപ്രീംകോടതി ഉത്തരവും ഇവര്‍ ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ച, വിമത എംഎല്‍എമാര്‍ക്ക് ഇത് സംബന്ധിച്ച് സ്പീക്കര്‍ നോട്ടീസ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഈ നോട്ടീസ് നിയമ വിരുദ്ധമാണെന്ന് ഷിന്‍ഡെ അറിയിച്ചു. നോട്ടീസ് നല്‍കിയാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും എംഎല്‍എമാര്‍ പറഞ്ഞു. ശിവസേനയുടെ പാര്‍ട്ടി ചിഹ്നം ലഭിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ഷിന്‍ഡെ അറിയിച്ചു.

അതേസമയം, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ ഒരു കേന്ദ്ര മന്ത്രി ഭീഷണിപ്പെടുത്തുന്നതായി സേന വക്താവ് സഞ്ജയ് റൗട്ട് ആരോപിച്ചു. ശിവസേന വലിയ സമുദ്രമാണ് വിമതരുടെ എണ്ണം പേപ്പറില്‍ മാത്രം ഒതുങ്ങുന്നതാണെന്നും റൗട്ട് പറഞ്ഞു.

ഷിന്‍ഡെ നിയമസഭ കക്ഷി നേതാവായി തുടരുമെന്ന് 37 എംഎല്‍എമാര്‍ ഒപ്പിട്ട പ്രമേയം ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. 12 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ഉദ്ദവ് താക്കറെ അപേക്ഷ നല്‍കിയതിന് പിന്നാലെയായിരുന്നു വിമതരുടെ നീക്കം. അഘാഡി സഖ്യത്തില്‍ നിന്ന് ശിവസേന പിന്‍മാറണമെന്നാണ് ഷിന്‍ഡെയുടെ ആവശ്യം.

STORY HIGHLIGHT: Shiv Sena demands disqualification of four more rebel MLAs in Maharashtra

Next Story