Top

'ജാലിയന്‍ വാലാബാഗിലെത്തിയപ്പോള്‍ ഖേദം പുലര്‍ത്തുന്ന ഒരു വാക്കുപോലും'; ഇന്ത്യ കൊള്ളയടിച്ചതിന് എലിസബത്ത് രാജ്ഞി മാപ്പ് പറഞ്ഞില്ലെന്ന് തരൂര്‍

പരമാധികാരി എന്ന നിലയില്‍ എലിസബത്ത് രാജ്ഞി എല്ലാത്തില്‍ നിന്നും മാറി നിന്നു

10 Sep 2022 5:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജാലിയന്‍ വാലാബാഗിലെത്തിയപ്പോള്‍ ഖേദം പുലര്‍ത്തുന്ന ഒരു വാക്കുപോലും; ഇന്ത്യ കൊള്ളയടിച്ചതിന് എലിസബത്ത് രാജ്ഞി മാപ്പ് പറഞ്ഞില്ലെന്ന് തരൂര്‍
X

ന്യൂഡല്‍ഹി: കോളോണിയല്‍ കാലഘട്ടത്തില്‍ ബ്രിട്ടന്‍ ഇന്ത്യയെ കൊളളയടിച്ചതിന് അന്തരിച്ച ബ്രിട്ടീഷ് പരമാധികാരി എലിസബത്ത് രാജ്ഞി മാപ്പ് പറഞ്ഞില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. എലിസബത്ത് രാജ്ഞി ഭര്‍ത്താവും ഇന്ത്യയിലെത്തി ജാലിയന്‍ വാലാബാഗ് സന്ദര്‍ശിച്ചപ്പോള്‍ സന്ദര്‍ശക പുസ്തകത്തില്‍ പേര് എഴുതി എന്നല്ലാതെ ബ്രിട്ടീഷ് സാമ്രാജ്യം നടത്തിയ ക്രൂരകൃത്യത്തില്‍ ഖേദം പുലര്‍ത്തുന്ന ഒരു വാക്ക് പോലും പറഞ്ഞില്ലെന്ന് തരൂര്‍ കുറ്റപ്പെടുത്തി. ഇത്തരം കാര്യങ്ങളില്‍ തനിക്ക് നേരിട്ടൊരു ഉത്തരാവാദിത്തവുമില്ലെന്ന് കാണിക്കാന്‍ അവര്‍ സ്വയം ഒഴിഞ്ഞുമാറിയതാകാം. എല്ലാ അതിക്രമങ്ങളും ഒരു പരമാധികാരി അറിഞ്ഞല്ല സംഭവിക്കുന്നത് എന്ന ന്യായീകരണം അവര്‍ പുലര്‍ത്തിയിരിക്കാം എന്നും തരൂര്‍ വിമര്‍ശിച്ചു. മാതൃഭൂമി പത്രത്തില്‍ എലിസബത്ത് രാജ്ഞിയെ അനുസ്മരിച്ച് എഴുതിയ ലേഖനത്തിലാണ് ശശി തരൂരിന്റെ അഭിപ്രായ പ്രകടനം.

പരമാധികാരി എന്ന നിലയില്‍ എലിസബത്ത് രാജ്ഞി എല്ലാത്തില്‍ നിന്നും മാറി നിന്നു. അവര്‍ക്ക് അതിന്റെ ഗുണം കിട്ടിയെന്നും തരൂര്‍ വിമര്‍ശിച്ചു. രാജാധികാരം ആചാരപരം മാത്രമായിരുന്നു. അതുകൊണ്ട് തന്നെ ഭരണം ആവശ്യപ്പെട്ടിരുന്നില്ല. സ്വേച്ഛ വാസനയില്ലാതെ പ്രസാദാത്മകത്വം പുലര്‍ത്തിയ അവര്‍ പൊതുമധ്യത്തില്‍ അസാധാരണമായ തിളങ്ങി നിന്നു. എന്നാല്‍ തീരുമാനങ്ങളൊന്നും കൈക്കൊണ്ടില്ല, നയങ്ങള്‍ രൂപീകരിച്ചതുമില്ല. തന്റെ കാലത്തുണ്ടായ ഒരു കാര്യത്തിനും ഉത്തരവാദിത്തമേറ്റെടുത്തില്ലെന്നും ശശി തരൂര്‍ ലഖേനത്തിലൂടെ വിമര്‍ശിച്ചു.

ബ്രിട്ടീഷ് എഴുത്തുകാരന്‍ വാള്‍ട്ടര്‍ ബേജറ്റിന്റെ നിര്‍വചന പ്രകാരം രണഘടനാബന്ധിതമായ രാജവാഴ്ചയില്‍ പരമാധികാരിക്ക് മൂന്ന് അവകാശങ്ങളാണുള്ളത്. വിദഗ്ധാഭിപ്രായം പറയാനുള്ള അവകാശം, പ്രോത്സാഹിപ്പിക്കാനുള്ള അവകാശം, മുന്നറിയിപ്പു നല്‍കാനുള്ള അവകാശം. ഇതു മൂന്നും ഭംഗിയായി നിര്‍വഹിക്കാന്‍ എലിസബത്ത് രാജ്ഞിക്ക് സാധിച്ചിട്ടുണ്ടെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അധ്യക്ഷത വഹിക്കുക, റിബണ്‍ മുറിക്കുക. രാജകീയ സന്ദര്‍ശനങ്ങള്‍ നടത്തുക, വിശിഷ്ട വ്യക്തികളെ സ്വീകരിക്കുക ബ്രിട്ടീഷ് വൈഭവം പ്രകടിപ്പിക്കുക എന്നതില്‍ക്കവിഞ്ഞ് മറ്റൊരു അധികാരവും അവര്‍ കൈയ്യാളിയിരുന്നില്ല എന്നതാണ് സത്യം. ചടങ്ങുകളില്‍പ്പോലും എഴുതിയതുമാത്രം വായിച്ചു. ഈ എഴുപതു കൊല്ലവും അക്കാര്യത്തില്‍ അവര്‍ തികഞ്ഞ സൂക്ഷ്മത പുലര്‍ത്തിയെന്നും തരൂര്‍ പറഞ്ഞു.

സൗമ്യശീലയായ എലിസബത്ത് രാജ്ഞി എന്ത് ശബ്ദിച്ചാലും എന്തു ചെയ്താലും അത് വാര്‍ത്തയാകുമായിരുന്നു. വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും നമ്മള്‍ ഇന്ത്യക്കാര്‍ എലിസബത്ത് രാജ്ഞിയോട് ഭയഭക്തിയോളമുളള ബഹുമാനം പ്രകടിപ്പിച്ചിരുന്നു. കരുണയും മാന്യതയും വിവേകവും തികഞ്ഞ രസികത്വവുമുളള വ്യക്തിയായിരുന്നു എലിസബത്ത് എന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു.

സ്‌കോട്‌ലന്റിലെ ബാല്‍മോറന്‍ കൊട്ടാരത്തിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം. 96 വയസായിരുന്നു. ബ്രിട്ടന്റെയും മറ്റ് 14 രാജ്യങ്ങളുടെയും രാജ്ഞി എന്ന നിലയിലും 54 കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളുടെ തലവനെന്ന നിലയിലും എലിസബത്ത് രാജ്ഞി അസാധാരണമായ ഒരു നീണ്ട ഭരണകാലത്തിന്റെ അവകാശിയായാണ് അറിയപ്പെടുന്നത്. എലിസബത്ത് രാജ്ഞിയുടെ മൂത്ത മകന്‍ ചാള്‍സ് (73) ആണ് ബ്രിട്ടന്റെ അടുത്ത രാജാവാകുക. അദ്ദേഹത്തിന്റെ ഭാര്യ കാമില രാജ്ഞിയുമാകും. സ്ഥാനമേറ്റെടുക്കുമ്പോള്‍ ചാള്‍സ് മൂന്നാമന്‍ എന്ന പേരാകും സ്വീകരിക്കുക എന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

STORY HIGHLIGHTS: shashi Tharoor says queen elizabeth did not apologize for looting india during colonial period

Next Story