Top

'ഇങ്ങനെ ഒരിക്കലും കണ്ടിട്ടില്ല'; ഷിന്‍ഡെയ്ക്ക് ഗവര്‍ണര്‍ പൂച്ചെണ്ട് നല്‍കിയതിനെ വിമര്‍ശിച്ച് ശരദ് പവാര്‍

1967 മുതല്‍ ഞാന്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കാണുന്നു ഇതുവരെ ഗവര്‍ണര്‍ മധുരം വാഗ്ദാനം ചെയ്യുകയോ പൂച്ചെണ്ട് നല്‍കുകയോ ചെയ്തിട്ടില്ല

3 July 2022 5:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇങ്ങനെ ഒരിക്കലും കണ്ടിട്ടില്ല; ഷിന്‍ഡെയ്ക്ക് ഗവര്‍ണര്‍ പൂച്ചെണ്ട് നല്‍കിയതിനെ വിമര്‍ശിച്ച് ശരദ് പവാര്‍
X

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി പൂച്ചെണ്ട് നല്‍കിയതിനെ വിമര്‍ശിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍. നിരവധി സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുത്തിട്ടുള്ള, സത്യപ്രതിജ്ഞ ചെയ്തിട്ടുള്ള താന്‍ ഇതുവരെ ഇങ്ങനെ ഒന്ന് കണ്ടിട്ടില്ലെന്ന് ശരദ് പവാര്‍ വിമര്‍ശിച്ചു.

'1967 മുതല്‍ ഞാന്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കാണുന്നു, 1972 മുതല്‍ 1990 വരെ പല സമയങ്ങളിലായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഇതുവരെ ഗവര്‍ണര്‍ എനിക്ക് മധുരം വാഗ്ദാനം ചെയ്യുകയോ പൂച്ചെണ്ട് നല്‍കുകയോ ചെയ്തിട്ടില്ല. ഇങ്ങനെയൊന്ന് ഇതുവരെ കണ്ടിട്ടില്ല. ഷിന്‍ഡെയുടെ സത്യപ്രതിജ്ഞ നടക്കുമ്പോള്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് പൂച്ചെണ്ട് നല്‍കുന്നത് നമ്മള്‍ കണ്ടു', ശരദ് പവാര്‍ പറഞ്ഞു.

വിമതനീക്കങ്ങള്‍ക്കും, രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലായിരുന്നു ബിജെപിയുടെ പിന്തുണയോടെ മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പും, തിങ്കളാഴ്ച അവിശ്വാസവോട്ടെടുപ്പും നടക്കും. മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി മത്സരിക്കുന്നത് ബിജെപിയുടെ രാഹുല്‍ നര്‍വേക്കറും ശിവസേനയുടെ രാജന്‍ സാല്‍വിയുമാണ്. രാജന്‍ സാല്‍വിയയ്ക്ക് വോട്ട് ചെയ്യണമെന്ന് വിമത എംഎല്‍എമാര്‍ക്ക് ശിവസേന വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വിപ്പ് നിയമപരമല്ലെന്ന ആരോപണവുമായി വിമത എംഎല്‍എമാരും രംഗത്തെത്തി. ഇതിനിടെ ഷിന്‍ഡെയെ ശിവസേനയുടെ എല്ലാ പദവികളില്‍ നിന്നും പുറത്താക്കുന്നതായി ഉദ്ധവ് താക്കറെ അറിയിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് നടപടിയെന്നായിരുന്നു വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്.

Story Highlights: Sharad Pawar swipe at Maharashtra governor Bhagat Singh Koshyari

Next Story