Top

'ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കോളൂ'; ഷിന്‍ഡെ സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ വീഴുമെന്ന് ശരദ് പവാര്‍

'ഷിന്‍ഡെയെ പിന്തുണക്കുന്ന വിമത എംഎല്‍എമാരില്‍ പലരും നിലവിലെ ക്രമീകരണങ്ങളില്‍ തൃപ്തരല്ല'

4 July 2022 5:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കോളൂ; ഷിന്‍ഡെ സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ വീഴുമെന്ന് ശരദ് പവാര്‍
X

മുംബൈ: വിമത നീക്കത്തിനൊടുവില്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ആറ് മാസത്തിനകം താഴെ വീഴുമെന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍. ഞായറാഴ്ച വൈകിട്ട് എന്‍സിപി നിയമസഭാംഗങ്ങളെയും, മറ്റുനേതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പവാറിന്റെ പ്രതികരണം.

'എല്ലാവരും ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കണം. പുതുതായി അധികാരത്തിലെത്തിയ ഷിന്‍ഡെ സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ താഴെവീഴും. ഷിന്‍ഡെയെ പിന്തുണക്കുന്ന വിമത എംഎല്‍എമാരില്‍ പലരും നിലവിലെ ക്രമീകരണങ്ങളില്‍ തൃപ്തരല്ല. മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ നല്‍കികഴിഞ്ഞാല്‍ അവരുടെ അസ്വസ്ഥത പുറത്തുവരും. അത് സര്‍ക്കാരിന്റെ തകര്‍ച്ചയിലാകും കലാശിക്കുക', പവാര്‍ പറഞ്ഞു.

ഈ സംഭവങ്ങള്‍ എംഎല്‍എമാര്‍ തങ്ങളുടെ പാര്‍ട്ടിയിലേക്ക് മടങ്ങിവരുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ എല്ലാ എന്‍സിപി അംഗങ്ങളും അവരുടെ മണ്ഡലങ്ങളില്‍ സജീവമാകണമെന്നും, കൂടുതല്‍ സമയം മണ്ഡലങ്ങളില്‍ ചെലവഴിക്കണമെന്ന നിര്‍ദേശവും നേതാവ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് ഉപമുഖ്യമന്ത്രി. സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് തേടുകയാണ്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിലൂടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി രാഹുല്‍ നര്‍വേക്കര്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 164 പേരുടെ പിന്തുണയോടെയായിരുന്നു വിജയം. നിയമസഭയില്‍ ബിജെപിക്ക് 106 എംഎല്‍എമാരാണ് ഉള്ളത്. 50 പേരുടെ പിന്തുണയുണ്ടെന്നാണ് ഷിന്‍ഡെ വിഭാഗത്തിന്റെ വാദം. ഇതില്‍ 39 പേര്‍ ശിവസേന വിമതരാണ്.

Story Highlights: Sharad Pawar Says Shinde government in Maharashtra may collapse in next six months

Next Story