സംഘര്‍ഷാവസ്ഥ, നേതാക്കള്‍ കസ്റ്റഡിയില്‍; ജാമിയ മിലിയയിലെ ഡോക്യുമെന്ററി പ്രദര്‍ശനം മാറ്റിയെന്ന് എസ്എഫ്ഐ
25 Jan 2023 1:05 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കപ്പെടുന്ന ബിബിസി ഡോക്യുമെന്ററിയുടെ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ പ്രദർശനം മാറ്റിവെച്ചതായി എസ്എഫ്ഐ. ഇന്ന് ആറ് മണിക്കായിരുന്നു പ്രദർശനം തീരുമാനിച്ചിരുന്നത്. സർവകലാശാല അധികൃതർ ഗേറ്റുകൾ അടച്ച് നിയന്ത്രണം കർശനമാക്കിയതോടെയാണ് എസ്എഫ്ഐയുടെ തീരുമാനം.
ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിക്കുന്നത് സർവ്വകലാശാല അധികൃതർ വിലക്കിയിരുന്നു. വിലക്ക് ലംഘിച്ചും ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചതിന് പിന്നാലെയാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അസീസ് ഷെരീഫ്, പ്രവർത്തകരായ നിവേദ്യ പി.ടി, അഭിരാം, തേജസ് തുടങ്ങിയവരെയാണ് നേരത്തെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നിവേദ്യയെ പൊലീസ് മർദ്ദിച്ചെന്നും ആരോപണമുണ്ട്.
പിന്നാലെ നേതാക്കളെ കരുതൽ തടങ്കലിലാക്കിയതിനെതിരെ സർവകലാശാലയ്ക്ക് മുന്നിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. എസ്എഫ്ഐ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ക്യാമ്പസിൽ വിദ്യാർത്ഥികളെ സംഘം ചേരാൻ അനുവദിക്കില്ലെന്നാണ് സർവകലാശാല അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
STORY HIGHLIGHTS: SFI postpones screening of BBC documentary at Jamia Millia Islamia University