ലൈംഗികാരോപണകേസ്; ആദ്യമായി പ്രതികരിച്ച് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്
കേസുമായി ബന്ധപ്പെട്ട് സ്വമേധയ രൂപീകരിച്ച സുപ്രീംകോടതി പ്രത്യേക ബെഞ്ചില്‍ താന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ നന്നാവുമായിരുന്നുവെന്ന് രഞ്ജന്‍ ഗൊഗോയ് പ്രതികരിച്ചു.
9 Dec 2021 4:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സുപ്രീംകോടതി ജീവനക്കാരി ഉന്നയിച്ച ലൈംഗികാരോപണകേസില്‍ ആദ്യമയി പ്രതികരിച്ച് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. തനിക്കെതിരെയുളള ലൈംഗികാരോപണകേസ് പരിഗണിക്കുന്ന ബെഞ്ചിന്റെ ഭാഗമായതിനെക്കുറിച്ചായിരുന്നു ഗൊഗോയിയുടെ പ്രതികരണം.
കേസുമായി ബന്ധപ്പെട്ട് സ്വമേധയ രൂപീകരിച്ച സുപ്രീംകോടതി പ്രത്യേക ബെഞ്ചില്‍ താന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ നന്നാവുമായിരുന്നുവെന്ന് രഞ്ജന്‍ ഗൊഗോയ് പ്രതികരിച്ചു. രഞ്ജന്‍ ഗൊഗോയിയുടെ ആത്മകഥയായ ' ജസ്റ്റിസ് ഫോര്‍ ദ ജഡ്ജ്' എന്ന ബുക്കിന്റെ പ്രകാശന ചടങ്ങില്‍വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും തെറ്റുചെയ്യുന്നവരാണെന്നും അതു സമ്മതിക്കുന്നതില്‍ കുഴപ്പമില്ലെന്നും അന്നത്തെ നടപടിയെക്കുറിച്ച് ജസ്റ്റിസ് ഗൊഗോയ് പറഞ്ഞു. എന്നാല്‍ ജീവനക്കാരിയുടെ ആരോപണത്തെ രഞ്ജന്‍ ഗൊഗോയ് തളളി.
2019 ഏപ്രിലിലാണ് ജസ്റ്റിസ് ഗൊഗോയ് ലൈംഗികമായി പീഡിപ്പിച്ചെന്ന്കാട്ടി സുപ്രീംകോടതി ജീവനക്കാരി മുഴുവന്‍ ജഡ്ജിമാര്‍ക്കും കത്തെഴുതിയത്. പിന്നീട് അവധി ദിവസമായ ശനിയാഴ്ച ജസ്റ്റിസ് ഗൊഗോയ് മൂന്നംഗ ബെഞ്ചിന്റെ പ്രത്യേക സിറ്റിങ് വിളിച്ചു ചേര്‍ത്ത് ഇക്കാര്യത്തില്‍ തന്റെ നിലാപട് വ്യക്തമാക്കുകയായിരുന്നു.
യുവതിയുടെ പരാതി അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതിയെ നിയോഗിക്കുകയും ജസ്റ്റിസ് ഗൊഗോയിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയുമാണ് ഉണ്ടായത്. ആരോപണത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജിവനക്കാരിയെ സുപ്രീംകോടതി പിന്നീട് തിരിച്ചെടുത്തിരുന്നു.