Top

'കെസിആറിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു, ടിആര്‍എസിലും നിരവധി ഏക്‌നാഥ് ഷിന്‍ഡെമാര്‍ ഉണ്ട്'; ബിജെപിയുടെ മുന്നറിയിപ്പ്

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങി ബിജെപി ഇതരസര്‍ക്കാര്‍ രാജ്യം ഭരിക്കട്ടെയെന്ന കെസിആറിന്റെ പരാമര്‍ശമാണ് ബിജെപിയെ ഇത്തരത്തില്‍ പ്രകോപിപ്പിച്ചത്

11 July 2022 3:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെസിആറിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു, ടിആര്‍എസിലും നിരവധി ഏക്‌നാഥ് ഷിന്‍ഡെമാര്‍ ഉണ്ട്; ബിജെപിയുടെ മുന്നറിയിപ്പ്
X

ഹൈദരാബാദ്: ബിജെപിക്കെതിരായ വിമര്‍ശനത്തില്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന് മറുപടി. അധികാരത്തില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നും തെലങ്കാന രാഷ്ട്ര സമിതിയില്‍ നിരവധി ഏക്‌നാഥ് ഷിന്‍ഡെമാര്‍ ഉണ്ടെന്നും ബിജെപി മുന്നറിയിപ്പ് നല്‍കി. നിലവില്‍ മുഖ്യമന്ത്രിയായ ഏക്‌നാഥ് ഷിന്‍ഡെയുടെ വിമത നീക്കത്തിന്റെ ഫലമായിട്ടായിരുന്നു മഹാരാഷ്ട്രയില്‍ മഹാവിഘാസ് അഘാഡി സര്‍ക്കാര്‍ വീണത്. ഈ സംഭവ വികാസങ്ങളെ ഓര്‍മ്മിപ്പിച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബന്ദി സഞ്ജയ്യുടെ വിമര്‍ശനം.

'ബിജെപി ദേശീയ നിര്‍വാഹക കമ്മിറ്റി യോഗത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി കെസിആര്‍ എങ്ങനെ അറിയും? ബിജെപിക്ക് ഒരു തന്ത്രവുമില്ലെന്ന് പറയുന്ന സംസ്ഥാന മുഖ്യമന്ത്രിയാണ് താങ്കള്‍. ബിജെപിക്ക് ഒരു തന്ത്രവുമില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് 18 സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ എത്തുക. മുഖ്യമന്ത്രി ഉപയോഗിക്കുന്ന ഭാഷ വളരെ ലജ്ജാകരമാണ്.'ബന്ദി സഞ്ജയ്യ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കെസിആറും തമ്മില്‍ വലിയ അന്തരമുണ്ടെന്നും ബിജെപി പരിഹസിച്ചു.

'നിങ്ങള്‍ രാജ്യത്തിന്റെ നേതാവ് ആണോ? നിങ്ങള്‍ നിങ്ങളെ തന്നെ പ്രധാനമന്ത്രി മോദിയുമായി താരതമ്യം ചെയ്യുന്നു. പ്രധാനമന്ത്രി മോദി ദിവസത്തില്‍ 18 മണിക്കൂര്‍ ജോലി ചെയ്യുന്നു, നിങ്ങള്‍ ഫാം ഹൗസില്‍ നിന്ന് പുറത്തിറങ്ങുക പോലുമില്ല.' എന്നായിരുന്നു ബിജെപി സംസ്ഥാന നേതാവിന്റെ പരിഹാസം.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങി ബിജെപി ഇതരസര്‍ക്കാര്‍ രാജ്യം ഭരിക്കട്ടെയെന്ന കെസിആറിന്റെ പരാമര്‍ശമാണ് ബിജെപിയെ ഇത്തരത്തില്‍ പ്രകോപിപ്പിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് നന്ദി പറയണം. അത് നേരിട്ടുള്ള പ്രഖ്യാപനമായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നത് എന്നും കെസിആര്‍ പറഞ്ഞിരുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെക്കുറിച്ചുള്ള കെസിആറിന്റെ പ്രസ്താവനകളെ പരാമര്‍ശിച്ചു കൊണ്ട് 'ആദ്യം നിങ്ങളുടെ സ്വന്തം പാര്‍ട്ടിയിലേക്ക് നോക്കൂ. ടിആര്‍എസില്‍ നിരവധി ഏകനാഥ് ഷിന്‍ഡെമാര്‍ ഉണ്ടെന്നും ബിജെപി മുന്നറിയിപ്പ് നല്‍കി.

Next Story