Top

സല്‍മാനെ വധിക്കാന്‍ 'ഷാര്‍പ്പ് ഷൂട്ടര്‍', ക്വട്ടേഷന്‍ നല്‍കിയത് ലോറന്‍സ്; നാല് ലക്ഷത്തിന്റെ തോക്ക്

രാജസ്ഥാനില്‍ നിന്നുള്ള ഗുണ്ടാ സംഘാംഗം സംപത് നെഹ്‌റെയെയാണ് ഇതിനായി നിയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്

6 Jun 2022 1:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സല്‍മാനെ വധിക്കാന്‍ ഷാര്‍പ്പ് ഷൂട്ടര്‍, ക്വട്ടേഷന്‍ നല്‍കിയത് ലോറന്‍സ്; നാല് ലക്ഷത്തിന്റെ തോക്ക്
X

ന്യൂഡല്‍ഹി: സല്‍മാന്‍ ഖാനെ വധിക്കാന്‍ നേരത്തെ കൊലപാതകിയെ ഏര്‍പ്പാട് ചെയ്തിരുന്നതായി ഗുണ്ടാ സംഘത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയി. 2021ല്‍ പൊലീസ് ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. അന്ന് ലോറന്‍സ് ബിഷ്‌ണോയിയെ ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ ഇന്ത്യാ ടുഡേ പുറത്ത് വിട്ടു. രാജസ്ഥാനില്‍ നിന്നുള്ള ഗുണ്ടാ സംഘാംഗം സംപത് നെഹ്‌റെയെയാണ് ഇതിനായി നിയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ലോറന്‍സ് ബിഷ്‌ണോയിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മുംബൈയിലെത്തിയ നെഹ്‌റ നടന്റെ വീടിന് സമീപം നിരീക്ഷണം നടത്തിയിരുന്നു. പിസ്റ്റള്‍ മാത്രമുള്ള സംപത് നെഹ്‌റ അടുത്ത് നിന്ന് വധിക്കാന്‍ ഒരു അവസരം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ആര്‍കെ സ്പ്രിംഗ് റൈഫിള്‍ വാങ്ങാന്‍ ഒരാളെ ഏര്‍പ്പാടാക്കിയന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ആര്‍കെ സ്പ്രിംഗ് റൈഫിള്‍ വാങ്ങാനായി ദിനേഷ് ഫുജി എന്നയാളെയായിരുന്നു ഏര്‍പ്പാടാക്കിയത്. നാല് ലക്ഷം രൂപയോളം ഈ റൈഫിളിനായി ലോറന്‍സ് ബിഷ്‌ണോയി മാറ്റിവെച്ചു.

നേരത്തെ നടന്‍ സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമെതിരെ വധഭീഷണി ലഭിച്ചിരുന്നു. ബാന്ദ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും കത്ത് മുഖാന്തരമാണ് താരത്തിനെതിരെ ഭീഷണി ലഭിച്ചത്. 'മൂസെവാലയുടെ അവസ്ഥ തന്നെയാകും' എന്നാണ് കത്തില്‍ പറയുന്നത്. സലിം ഖാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എന്നും നടക്കാന്‍ പോകുന്ന പതിവുണ്ട്. അദ്ദേഹം നടത്തത്തിന് ശേഷം പതിവായി വിശ്രമിക്കാറുള്ള സ്ഥലത്ത് നിന്നും സുരക്ഷാ ഉദ്യോഗസ്ഥരാണ് കത്ത് കണ്ടെത്തിയത് എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയും സംഘവും സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. സല്‍മാനെ ജോധ്പൂരില്‍ വച്ച് കൊല്ലുമെന്നായിരുന്നു ബിഷ്‌ണോയി പറഞ്ഞിരുന്നത്. ബിഷ്‌ണോയി സമൂഹം വിശുദ്ധമൃഗങ്ങളായി കാണുന്ന മാനിനെ വേട്ടയാടിയെന്നാരോപിച്ചായിരുന്നു വധഭീഷണി.

സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്ന സംഘത്തിലെ ഒരാളായ സുന്നി എന്ന രാഹുല്‍ കൊലപാതക കേസില്‍ 2020ല്‍ അറസ്റ്റിലായിരുന്നു. സല്‍മാനെ കൊലപ്പെടുത്താനാണ് മുംബൈയില്‍ എത്തിയതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നിന്നും കണ്ടെത്തിയതായി ഡിസിപി രാജേഷ് ദുഗ്ഗല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സിദ്ദു മൂസെവാല വെടിയേറ്റ് മരിച്ചത്. പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വെച്ചാണ് വെടിയേറ്റത്. സിദ്ദു മൂസെവാല ഉള്‍പ്പെടെയുളള 424 പേരുടെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. പരുക്കേറ്റ സിദ്ദു മൂസെവാലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

STORY HIGHLIGHTS: Sent shooter to recce Salman Khan's home: Gangster Lawrence Bishnoi told cops in 2021

Next Story