Top

വിദ്യാര്‍ത്ഥികളെ കാറിനുള്ളില്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവം; പൊലീസിനെതിരെ മമത

സംഭവത്തില്‍ ബിജെപിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു

7 Sep 2022 5:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദ്യാര്‍ത്ഥികളെ കാറിനുള്ളില്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവം; പൊലീസിനെതിരെ മമത
X

കൊല്‍ക്കത്ത: ബംഗാളില്‍ വിദ്യാര്‍ത്ഥികളെ ഓടുന്ന കാറില്‍ വച്ച് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളിയ സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. അന്വേഷണം പുരോഗിമിക്കാത്തതിനെ തുടര്‍ന്നാണ് മമത ബാനര്‍ജിയുടെ ശാസന. കേസ് സംസ്ഥാന സിഐഡിയിലേക്ക് കൈമാറി. സംഭവത്തില്‍ ബിജെപിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 22 നാണ് ഓടുന്ന കാറില്‍ വച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അതനു ഡേയും,അഭിഷേകും കൊല്ലപ്പെട്ടത്. ഇരുവരെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊല്‍ക്കത്തയ്ക്ക് സമീപം ബസത്തി ഹൈവേയിലെ കനാലില്‍ തള്ളുകയായിരുന്നു. അജ്ഞാത മൃതദേഹങ്ങളായി കണ്ട് പൊലീസ് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ഒരു പ്രതിയെ അറസ്റ്റ് ചെയ്തതിനു ശേഷമാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.

സംഭവത്തില്‍ അഭിജിത് ബോസ്(25), ഷമീം അലി (20),സാഹില്‍ മൊല്ല(20),ദിബ്യേന്ദു ദാസ്(20),എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി സത്യേന്ദ്ര ചൗധരി ഉള്‍പ്പെടെ രണ്ട് പ്രതികളെ കണ്ടെത്താനുണ്ട്.കൊലപാതകത്തിനു മുന്‍പ് വിദ്യാര്‍ത്ഥികളും പ്രതികളും ബൈക്ക് ഷോറൂം സന്ദര്‍ശിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ബൈക്ക് വാങ്ങുന്നതുമായി ബന്ധപ്പെട്ട 50,000 രൂപയുടെ ഇടപാടാണു തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയതിനു പിന്നിലെന്നാണ് പ്രാഥമിക വിവരം . എന്നാല്‍ മറ്റു കാരണങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ കാറില്‍ കയര്‍ സൂക്ഷിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

രാത്രി ഏട്ടിനും പത്തിനും ഇടയില്‍ സത്യേന്ദയും മറ്റുള്ളവരും ചേര്‍ന്ന് കുട്ടികളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി അഭിജിത് ബോസ് സമ്മതിക്കുകയായിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് പൊലീസിന് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ സന്ദേശങ്ങള്‍ അയച്ചവരും പ്രതികളും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ കഴിഞ്ഞില്ല.

കുടുംബങ്ങളുടെ പരാതിയെ തുടര്‍ന്ന് പരാതി രജിസ്റ്റര്‍ ചെയ്ത ബാഗിഹാട്ടി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസറെ നീക്കം ചെയ്തു. ബസിര്‍ഹട്ട് ,ബാഗിഹാട്ടി പൊലീസ് സ്റ്റേഷനുകളുടെ ഏകോപനമില്ലായ്മയാണ് കേസ് വലിച്ചിഴയ്ക്കുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന.

STORY HIGHLIGHTS: School boys killed in moving car bodies dumped in canal near kolkata

Next Story