Top

'ഗുജറാത്ത് പൊലീസ് ശിവസേന എംഎല്‍എമാരെ പിടിച്ചുവെച്ചിരിക്കുകയാണ്'; മഹാരാഷ്ട്ര പൊലീസിന് അവസരം ലഭിച്ചാല്‍ അവരെ തിരികെ കൊണ്ടുവരുമെന്ന് സഞ്ജയ് റാവത്ത്

21 Jun 2022 11:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുജറാത്ത് പൊലീസ് ശിവസേന എംഎല്‍എമാരെ പിടിച്ചുവെച്ചിരിക്കുകയാണ്; മഹാരാഷ്ട്ര പൊലീസിന് അവസരം ലഭിച്ചാല്‍ അവരെ തിരികെ കൊണ്ടുവരുമെന്ന് സഞ്ജയ് റാവത്ത്
X

മുംബൈ: എന്‍ഫോഴ്‌സ്‌മെന്റ് നടപടിയെ ഭയന്നാണ് മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ വിമതനീക്കം നടത്തുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ബലപ്രയോഗത്തിലൂടെയാണ് തങ്ങളെ കൊണ്ടുപോയതെന്ന് സൂറത്തിലുള്ള പല എംഎല്‍എമാരും തന്നോട് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് പൊലീസ് ശിവസേന എംഎല്‍എമാരെ തടഞ്ഞുവെച്ചിരിക്കുകയാണ്. മഹാരാഷ്ട്ര പൊലീസിന് അവസരം ലഭിച്ചാല്‍ അവരെ തിരികെ കൊണ്ടുവരും. ഇപ്പോള്‍ ഏക്‌നാഥ് ഷിന്‍ഡേക്കൊപ്പമുള്ള മന്ത്രിമാര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചു തുടങ്ങിയെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

ഷിന്‍ഡേയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മഹാ വികാസ് അഘാഡിയിലെ എല്ലാവരും ഒറ്റക്കെട്ടാണ്. ഇന്ന് രാത്രി യോഗം ചേരും. ഷിന്‍ഡേയോടൊപ്പം ഇപ്പോള്‍ 27 എംഎല്‍എമാരൊന്നുമില്ല. 17-18 എംഎല്‍എമാര്‍ മാത്രമേയുള്ളൂവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

ബിജെപിക്കൊപ്പം പോകുമോയെന്ന ചോദ്യം തന്നെ ഉദിക്കുന്നില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഏക്‌നാഥ് ഷിന്‍ഡെയുടെ വിമത നീക്കം ശിവസേനയുടെ ആഭ്യന്തര കാര്യമാണെന്നാണ് പുതിയ നീക്കങ്ങളോട് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ പ്രതികരിച്ചത്. അഭിപ്രായ വ്യത്യാസങ്ങളെല്ലാം ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങള്‍ ഭയപ്പെടുന്നില്ലെന്ന് ശരദ് പവാര്‍ പറഞ്ഞു.

Story Highlights: Sanjay Raut says Sena to take action against MLAs siding with Eknath Shinde

Next Story