കളളപ്പണം വെളുപ്പിക്കൽ കേസ്; സഞ്ജയ് റൗത്ത് അറസ്റ്റിൽ
31 July 2022 9:29 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡൽഹി: പത്ര ചൗൾ ഭൂമി കുംഭകോണക്കേസിൽ ശിവസേന എം പി സഞ്ജയ് റൗത്ത് അറസ്റ്റിൽ. ആറുമണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അർധരാത്രി ഇഡി അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. സഞ്ജയ് റൗത്തിന്റെ വസതിയിൽ നിന്നും നിർണ്ണായക രേഖകൾ കണ്ടെടുത്തതായി ഇഡി അറിയിച്ചു. ടീം താക്കറെയെ ദുർബലപ്പെടുത്താനായാണ് കേന്ദ്രം തന്നെ ലക്ഷ്യമിടുന്നതെന്ന് 60 കാരനായ സഞ്ജയ് റൗത്ത് ആരോപിച്ചു.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സഞ്ജയ് റൗത്തിന്റെ വസതിയിൽ നിന്ന് 11.50 ലക്ഷം രൂപ ഇഡി കണ്ടെടുത്തിരുന്നു. ഭൂമി തട്ടിപ്പ് കേസിൽ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നോട്ടീസ് അയച്ചിരുന്നെങ്കിലും റൗത്ത് ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് റൗത്തിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തിയത്.
മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായുള്ള അടുപ്പം മൂലമാണ് സഞ്ജയ് റൗത്തിനെതിരെ ഇ ഡി നടപടി സ്വീകരിച്ചതെന്ന് സഞ്ജയ് റാവത്തിന്റെ സഹോദരൻ സുനിൽ റാവത്ത് പറഞ്ഞിരുന്നു. സഞ്ജയ് റൗത്തിനെതിരെ തെളിവുകൾ ഒന്നുമില്ല, ഈ കേസിൽ അല്ലെങ്കിൽ മറ്റേതെങ്കിലും കേസിൽ നടപടിയെടുക്കാനാണ് അവർ ആലോചിക്കുന്നതെന്നും സുനിൽ റാവത്ത് പറഞ്ഞു.
ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സഞ്ജയ് റാവത്തിൻറെ ഭാണ്ടൂബിലെ മൈതി ബംഗ്ലാവിലേക്ക് എത്തിയത്. ഗൊരേഗാവിലെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ഇഡി എത്തിയത്. സഞ്ജയ് റാവത്തും കുടുംബവും വീട്ടിലുണ്ടായിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിനും ചോദ്യം ചെയ്യലിനും ശേഷമാണ് ശിവസേന എം പിയെ കസ്റ്റഡിയിലെടുത്തത്. ഇ ഡി റൗത്തിനെ അറസ്റ്റ് ചെയ്തേക്കാം എന്ന് ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ നേരത്തേ പറഞ്ഞിരുന്നു. പാർട്ടിയെ ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് ഇതെന്നും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ആരോപിച്ചു. ശിവസേനയുടെ രാജ്യസഭാ എംപിയായ റൗത്ത്, ഉദ്ദവ് താക്കറെ ക്യാമ്പിലെ പ്രമുഖനും പാർട്ടി മുഖപത്രമായ സാമ്നയുടെ എഡിറ്ററുമാണ്.
STORY HIGHLIGHTS: Sanjay Raut arrested after questioning, raids In land scam case