Top

'മൂസെവാലയുടെ അവസ്ഥ തന്നെയാകും'; സൽമാൻ ഖാനും പിതാവിനും വധഭീഷണി

നേരത്തെ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയും സംഘവും സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

5 Jun 2022 3:31 PM GMT
ഫിൽമി റിപ്പോർട്ടർ

മൂസെവാലയുടെ അവസ്ഥ തന്നെയാകും; സൽമാൻ ഖാനും പിതാവിനും വധഭീഷണി
X

ബോളിവുഡ് നടൻ സൽമാൻ ഖാനും പിതാവും എഴുത്തുകാരനുമായ സലിം ഖാനുമെതിരെ വധഭീഷണി. ബാന്ദ്ര ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും കത്ത് മുഖാന്തരമാണ് താരത്തിനെതിരെ ഭീഷണി ലഭിച്ചത്. 'മൂസെവാലയുടെ അവസ്ഥ തന്നെയാകും' എന്നാണ് കത്തിൽ പറയുന്നത്.

സലിം ഖാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എന്നും നടക്കാൻ പോകുന്ന പതിവുണ്ട്. അദ്ദേഹം നടത്തത്തിന് ശേഷം പതിവായി വിശ്രമിക്കാറുള്ള സ്ഥലത്ത് നിന്നും സുരക്ഷാ ഉദ്യോഗസ്ഥരാണ് കത്ത് കണ്ടെത്തിയത് എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

നേരത്തെ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയും സംഘവും സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. സല്‍മാനെ ജോധ്പൂരില്‍ വച്ച് കൊല്ലുമെന്നായിരുന്നു ബിഷ്‌ണോയി പറഞ്ഞിരുന്നത്. ബിഷ്‌ണോയി സമൂഹം വിശുദ്ധമൃഗങ്ങളായി കാണുന്ന മാനിനെ വേട്ടയാടിയ സംഭത്തിലായിരുന്നു വധഭീഷണി.

സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്ന സംഘത്തിലെ ഒരാളായ സുന്നി എന്ന രാഹുല്‍ കൊലപാതക കേസില്‍ 2020ല്‍ അറസ്റ്റിലായിരുന്നു. സല്‍മാനെ കൊലപ്പെടുത്താനാണ് മുംബൈയില്‍ എത്തിയതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നിന്നും കണ്ടെത്തിയതായി ഡിസിപി രാജേഷ് ദുഗ്ഗല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സിദ്ദു മൂസെവാല വെടിയേറ്റ് മരിച്ചത്. പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വെച്ചാണ് വെടിയേറ്റത്. സിദ്ദു മൂസെവാല ഉള്‍പ്പെടെയുളള 424 പേരുടെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. പരുക്കേറ്റ സിദ്ദു മൂസെവാലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

story highlights: salman khan and his father receive death threats

Next Story