Top

സച്ചിൻ പൈലറ്റിന് വേണ്ടി ​ഗാന്ധി കുടുംബം; രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും

ഒരു നേതാവ്, ഒരു സ്ഥാനം എന്ന തീരുമാനം ഉദയ്പൂരിലെ ചിന്തന്‍ ശിവിറില്‍ എടുത്തിട്ടുണ്ട് ആ തീരുമാനം പാലിക്കണമെന്ന് രാഹുല്‍ പറഞ്ഞിരുന്നു

22 Sep 2022 12:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സച്ചിൻ പൈലറ്റിന് വേണ്ടി ​ഗാന്ധി കുടുംബം; രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും
X

ന്യൂഡൽഹി: രാജസ്ഥാൻ ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ സച്ചിൻ പൈലറ്റ് അശോക് ഗെലോട്ടിന് പകരം മുഖ്യമന്ത്രിയായേക്കും. സച്ചിൻ പൈലറ്റിന് ​ഗാന്ധി കുടുംബത്തിന്റെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അശോക് ​ഗെലോട്ട് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് വിജയിക്കുകയാണെങ്കിൽ സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് ​ഗെലോട്ട് സമ്മതിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

അതേസമയം രാജസ്ഥാന്‍ നിയമസഭ സ്പീക്കര്‍ സിപി ജോഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുഖ്യമന്ത്രി അശോക് ഗെലോട്ട് നിര്‍ദേശിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ബുധനാഴ്ച കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചതിന് ശേഷം താനും ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിനുണ്ടെന്ന് ഗെഹ്‌ലോട്ട് സൂചിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് സിപി ജോഷിയുടെ പേര് നിര്‍ദേശിച്ചതെന്നാണ് വിവരം. 2020 ജൂണില്‍ സച്ചിന്‍ പൈലറ്റിന്റ നേതൃത്വത്തില്‍ വിമത നീക്കം നടന്നപ്പോള്‍ ഗെലോട്ടിനെ സഹായിച്ചത് സിപി ജോഷിയുടെ കൈസഹായമാണ്. സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി വരെ ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നേക്കും.

എന്നാല്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനവും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് വേണമെന്ന അശോക് ഗെലോട്ടിന്റെ ആവശ്യത്തോട് ചിന്തന്‍ ശിവിറിലെ തീരുമാനം മാനിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഒരു നേതാവ്, ഒരു സ്ഥാനം എന്ന തീരുമാനം ഉദയ്പൂരിലെ ചിന്തന്‍ ശിവിറില്‍ എടുത്തിട്ടുണ്ട്. ഈ തീരുമാനം നടപ്പിലാക്കുമെന്നാണ് കരുതുന്നതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം

STORY HIGHLIGHTS: Sachin Pilot Gets Gandhis' Backing For Rajasthan Chief Minister

Next Story