Top

'കോണ്‍ഗ്രസ് ശ്രമിക്കുന്നത് വിദ്വേഷം പ്രചരിപ്പിക്കാന്‍'; വെറുപ്പിലൂടെയല്ല സ്‌നേഹത്തിന്റെ പാതയില്‍ ജനങ്ങളെ ഒന്നിപ്പിക്കണമെന്ന് ആര്‍എസ്എസ്

ആര്‍എസ്എസിനെതിരെയുള്ള പ്രചരണങ്ങള്‍ കോണ്‍ഗ്രസ് ഇപ്പോള്‍ തുടങ്ങിയതല്ല. അവര്‍ പാരമ്പര്യമായി ചെയ്തുവരുന്നതാണെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു

13 Sep 2022 6:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് ശ്രമിക്കുന്നത് വിദ്വേഷം പ്രചരിപ്പിക്കാന്‍; വെറുപ്പിലൂടെയല്ല സ്‌നേഹത്തിന്റെ പാതയില്‍ ജനങ്ങളെ ഒന്നിപ്പിക്കണമെന്ന് ആര്‍എസ്എസ്
X

റായ്പൂര്‍: വിദ്വേശം പ്രചരിപ്പിച്ച് ജനങ്ങളെ ഒരുമിച്ച് ചേര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹക് ഡോ മന്‍മോഹന്‍ വൈദ്യ. വെറുപ്പിലൂടെയല്ല സ്‌നേഹത്തിന്റെ പാതയിലാണ് ജനങ്ങളെ ഒന്നിപ്പിക്കേണ്ടതെന്ന് വൈദ്യ പറഞ്ഞു. റായ് പൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'ഭാരതത്തിലെ ജനങ്ങളെ ആരെങ്കിലും ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്നെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അത് വെറുപ്പിന്റെയോ സ്‌നേഹത്തിന്റെയോ അടിസ്ഥാനത്തിലെന്നതാണ് പ്രശ്‌നം. ഭാരതത്തെ ഏകാത്മകമാക്കുന്ന സത്ത ആത്മീയതയാണ്. അതിന്റെ പേര് ഹിന്ദുത്വമെന്നാണ്. അതൊരു മതമല്ല. ഈ സത്യം മനസിലാക്കി രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാന്‍ ആരെങ്കിലും ആഗ്രഹിച്ചാല്‍ സ്വാഗതം ചെയ്യും'. വൈദ്യ പറഞ്ഞു.

ഭാരത് ജോഡോ യാത്രയിലൂടെ ആര്‍എസ്എസില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. പടിപടിയായി തങ്ങളുടെ ലക്ഷ്യത്തിലെത്തുമെന്നും ആര്‍എസ്എസ് യൂണിഫോമായ കാവി നിക്കര്‍ കത്തുന്ന ചിത്രത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആർഎസ്എസ് സഹസർകാര്യവാഹകിന്റെ പ്രതികരണം

ആര്‍എസ്എസിനെതിരെയുള്ള പ്രചരണങ്ങള്‍ കോണ്‍ഗ്രസ് ഇപ്പോള്‍ തുടങ്ങിയതല്ല. അവര്‍ പാരമ്പര്യമായി ചെയ്തുവരുന്നതാണെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു. സംഘത്തെ നിരോധിച്ചവരാണ് അവര്‍. എന്നിട്ടും സംഘം വളര്‍ന്നു. അതിന്റെ കാരണം സംഘം പ്രവര്‍ത്തിക്കുന്നത് സത്യത്തെ ആധാരമാക്കിയാണ് എന്നതാണ്. സമാജത്തിന്റെ സമര്‍പ്പിതരായ സ്വയം സേവകരുടെയും കരുത്തില്‍ സംഘം കൂടുതല്‍ വളരുകയാണെന്നും വൈദ്യ അവകാശപ്പെട്ടു.

Story highlights: RSS said they wants to unite people on the path of love and not hatred

Next Story