Top

'ലാലു പ്രസാദ് യാദവിനോട് മനുഷ്യത്വരഹിതമായി പെരുമാറി'; പുലര്‍ച്ചെ മൂന്നിന് റാഞ്ചിയിലേക്ക് അയക്കാന്‍ എയിംസ് അധികൃതര്‍ ശ്രമിച്ചെന്ന് അനു ചാക്കോ

ആശുപത്രി അധികൃതരുടെ മനുഷ്യത്വ രഹിതമായ പെരുമാറ്റത്തിനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്ത് നല്‍കുമെന്നും അനു ചാക്കോ വ്യക്തമാക്കി.

23 March 2022 5:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലാലു പ്രസാദ് യാദവിനോട് മനുഷ്യത്വരഹിതമായി പെരുമാറി; പുലര്‍ച്ചെ മൂന്നിന് റാഞ്ചിയിലേക്ക് അയക്കാന്‍ എയിംസ് അധികൃതര്‍ ശ്രമിച്ചെന്ന് അനു ചാക്കോ
X

പട്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനോട് ഡല്‍ഹി എയിംസ് ആശുപത്രി അധികൃതര്‍ മോശമായി പെരുമാറിയെന്ന ആരോപണവുമായി ആര്‍ജെഡി ദേശീയ സെക്രട്ടറി അനു ചാക്കോ. ഗുരുതരാവസ്ഥയിലുള്ള ലാലു പ്രസാദ് യാദവിനോട് മനുഷ്യത്വ രഹിതമായാണ് എയിംസ് അധികൃതര്‍ പെരുമാറിയതെന്നും അനു ചോക്കോ പറഞ്ഞു. ചൊവ്വാഴ്ച രാത്രി എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലെത്തിച്ച ലാലുവിനെ പരിശോധനകള്‍ക്കു ശേഷം പുലര്‍ച്ചെ മൂന്നിന് ഡിസ്ചാര്‍ജ് ചെയ്ത് റാഞ്ചിയിലേക്ക് മടക്കി അയക്കാന്‍ ശ്രമിച്ചു. ഇത് ക്രൂരതയാണെന്ന് അനു ചാക്കോ ചൂണ്ടിക്കാട്ടി.

വൃക്ക സംബന്ധമായ അസ്വസ്ഥതകള്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുള്ള 73 കാരനായ ലാലുവിനെ ബുധനാഴ്ച്ച പുലര്‍ച്ചെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകവെ രോഗം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന് എയിംസില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെന്നും ആര്‍ജെഡി അറിയിച്ചു.

ആശുപത്രി അധികൃതരുടെ മനുഷ്യത്വ രഹിതമായ പെരുമാറ്റത്തിനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്ത് നല്‍കുമെന്നും അനു ചാക്കോ വ്യക്തമാക്കി. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്ന ലാലുവിന്റെ ആരോഗ്യം മോശമായതോടെയാണ് മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരം ഡല്‍ഹി എയിംസിലേക്ക് മാറ്റിയത്. കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലിലായ ലാലുവിനെ വിദഗ്ധ ചികിത്സയ്ക്കായാണ് റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

STORY HIGHLIGHTS: RJD Leader Anu chacko on lalu prasad yadav discharged at 3 am back at delhi s aiims

Next Story