Top

അഞ്ച് സംസ്ഥാനങ്ങളില്‍ ഫലം ഇന്ന്; കഴിഞ്ഞ തവണത്തെ കക്ഷിനിലകള്‍ ഇങ്ങനെ

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചകമായാണ് ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്

9 March 2022 10:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഞ്ച് സംസ്ഥാനങ്ങളില്‍ ഫലം ഇന്ന്; കഴിഞ്ഞ തവണത്തെ കക്ഷിനിലകള്‍ ഇങ്ങനെ
X

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്ത് വരും. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചകമായാണ് ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ഈ പശ്ചാത്തലത്തില്‍ വളരെ ആകാംക്ഷയോടെയാണ് ഇന്ന് പുറത്തുവരുന്ന ഫലം, അതെന്തായാലും ദേശീയ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കികാണുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ ഫലമാണ് ഇന്ന് പുറത്ത് വരിക. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എങ്ങനെയെന്ന് നോക്കാം.

ഉത്തര്‍പ്രദേശ്

403 സീറ്റുകളിലേയ്ക്കാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയും സമാജ് വാദി പാര്‍ട്ടിയും തമ്മിലായിരുന്നു നേരിട്ടുള്ള മത്സരം. മുമ്പ് സംസ്ഥാനം ഭരിച്ച പാര്‍ട്ടിയെന്ന നിലയില്‍ ബിഎസ്പിയും കോണ്‍ഗ്രസും മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും അധികാരത്തിലുള്ള ബിജെപിക്കോ, പ്രധാന പ്രതിപക്ഷമായ എസ്പിയ്‌ക്കോ വെല്ലുവിളിയാവുന്ന പ്രകടനം ഇരു പാര്‍ട്ടികളും കാഴ്ച വെച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ തവണ 312 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലേറിയത്. അന്ന് ഭരണകക്ഷിയായിരുന്ന എസ്പിയില്‍ നിന്നും ഭരണം പിടിച്ചടക്കുകയായിരുന്നു. പ്രധാന പ്രതിപക്ഷമായ എസ്പി 47 സീറ്റും, ബിഎസ്പി 19 സീറ്റും അപ്‌നാദള്‍ ഒന്‍പത് സീറ്റും നിര്‍ബല്‍ ഇന്ത്യന്‍ ശോഷിത് ഹമാരാ ആംദള്‍ സീറ്റും സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നാല് സീറ്റും സ്വതന്ത്രര്‍ മൂന്ന് സീറ്റും നേടിയിരുന്നു.

കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ നേതൃത്വത്തിലുള്ള അപ്‌നാദള്‍ സോനേയ്‌ലാല്‍ പാര്‍ട്ടി ബിജെപിയുമായി സഖ്യത്തിലാണ് ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിട്ടത്. കേന്ദ്രമന്ത്രിയുടെ മാതാവ് കൃഷ്ണ സിംഗിന്റെ നേതൃത്വത്തിലുള്ള അപ്‌നാദള്‍ കമേരവാദി പാര്‍ട്ടി, എസ്പിയുമായി ചേര്‍ന്നാണ് ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2017ല്‍ എന്‍ഡിഎയ്‌ക്കൊപ്പമായിരുന്ന ഓം പ്രകാശ് രാജ്ഭറിന്റെ നേതൃത്വത്തിലുള്ള എസ്ബിഎസ്പി, ഇത്തവണ അഖിലേഷിനൊപ്പമാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

പഞ്ചാബ്

117 സീറ്റുകളിലേയ്ക്ക് തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ 77 സീറ്റുമായാണ് 2017ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അന്ന് അമരീന്ദര്‍ സിംഗിന്റെ വ്യക്തിപ്രഭാവം തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ സഹായത്താല്‍ കോണ്‍ഗ്രസ് വോട്ടാക്കിമാറ്റുകയായിരുന്നു. സിഖ് സമുദായം രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാവി നിര്‍ണ്ണയിക്കുന്ന പഞ്ചാബില്‍, വെറും മൂന്ന് സീറ്റുകളായിരുന്നു കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായിട്ടുകൂടി ബിജെപിയ്ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞത്. പ്രധാനപ്രതിപക്ഷമായ ആംആദ്മി പാര്‍ട്ടി അന്ന് 20 സീറ്റുകള്‍ നേടിയിരുന്നു. ശിരോമണി അകാലിദള്‍ 15 സീറ്റും ലോക് ഇന്‍സാഫ് പാര്‍ട്ടി രണ്ട് സീറ്റും നേടിയിരുന്നു.

സംസ്ഥാന അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവുമായുള്ള അധികാര വടംവലിയെത്തുടര്‍ന്ന് കോണ്‍ഗ്രസ് വിടേണ്ടിവന്ന അമരീന്ദര്‍ സിംഗ് ഇത്തവണ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി ബിജെപിയുമായി ചേര്‍ന്നാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പിസിസി അധ്യക്ഷന്‍ സിദ്ദുവാണെങ്കിലും, അമരീന്ദറിന്റെ പിന്‍ഗാമിയായ ചരണ്‍ജീത് സിംഗ് ഛന്നിയെ തന്നെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഭഗവന്ത് മന്‍ ആണ് എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.

ഗോവ

ആര് ഭരിക്കുമെന്ന് ജനവിധി മാത്രം അന്തിമ തീരുമാനമെടുക്കാത്ത ചരിത്രമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഗോവയ്ക്കുള്ളത്. ആകെയുള്ള 40 സീറ്റില്‍ 21 സീറ്റുകളാണ് ഗോവ ഭരിക്കാന്‍ ആഗ്രഹിക്കുന്ന കക്ഷിക്കോ, സഖ്യത്തിനോ ആവശ്യമായി വരിക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയാതെ പോയത് വലിയ വിമര്‍ശനങ്ങള്‍ ഇടയാക്കുകയും അതിന്റെ കുറ്റബോധംം ഇന്നും കോണ്‍ഗ്രസിനെ അലട്ടുകയും ചെയ്യുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് വേളയിലെ നേതാക്കളുടെ വാക്കുകളില്‍ തന്നെ വ്യക്തമായിരുന്നു. 13 സീറ്റുകള്‍ മാത്രം നേടിയ ബിജെപി, മൂന്ന് അംഗങ്ങള്‍ വീതമുള്ള മഹാരാഷ്ട്രാ ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മറ്റ് മൂന്ന് സ്വതന്ത്രരുമായി ചേര്‍ന്ന് മനോഹര്‍ പരീഖറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കുകയായിരുന്നു. മനോഹര്‍ പരീഖറിന്റെ മരണത്തെത്തുടര്‍ന്ന് പ്രമോദ് സാവന്തിനെ ബിജെപി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. എന്‍സിപി 2017ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റായിരുന്നു നേടിയത്.

ആം ആദ്മി പാര്‍ട്ടിയും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ഇത്തവണ ഇവിടെ മത്സരത്തിനുണ്ടായിരുന്നു. കഴിഞ്ഞ തവണ ബിജെപിയെ പിന്തുണച്ച എംജിപി ഇത്തവണ, പ്രമോദ് സാവന്തിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പുതുമുഖങ്ങളായ തൃണമൂലുമായി സഖ്യത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഉത്തരാഖണ്ഡ്

അഞ്ച് വര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെയാണ് ബിജെപി ഇവിടെ മാറിമാറി പരീക്ഷിച്ചത്. 2017ല്‍ ആകെയുള്ള 70 സീറ്റുകളില്‍ 57 സീറ്റും നേടിയത് ബിജെപിയായിരുന്നു. കോണ്‍ഗ്രസ് 11 സീറ്റും മറ്റുള്ളവര്‍ 2 സീറ്റും നേടിയിട്ടുണ്ട്.

മണിപ്പൂർ

ആകെ 60 നിയമസഭാ മണ്ഡലങ്ങളാണ് മണിപ്പൂരില്‍ ഉള്ളത്. 2017ല്‍ ഇവിടെ 28 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാല്‍, 21 സീറ്റുകള്‍ നേടി രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ബിജെപി, നാല് വീതം സീറ്റുള്ള നാഗാ പീപ്പിള്‍സ് ഫ്രണ്ടുമായും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായും ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുകയായിരുന്നു. ഇവര്‍ക്ക് പുറമെ തൃണമൂല്‍ കോണ്‍ഗ്രസും ലോക്ജനശക്തി പാര്‍ട്ടിയും ഓരോ സീറ്റ് നേടുകയും ഒരാള്‍ സ്വതന്ത്രനായി നിയമസഭയില്‍ എത്തുകയും ചെയ്തു.

STORY HIGHLIGHTS: Results in five states today; This is how the party ranks last time

Next Story