പുതിയ തുടക്കം; കാടിനകത്തെ ബച്ചവാര്പാറയില് ആദ്യത്തെ സ്കൂള്‍
7 Aug 2022 12:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റായ്പൂര്‍: ഛത്തീസ്ഗഢിലെ ബല്റാംപൂര് ജില്ലയിലെ ഉൾഗ്രാമമായ ബച്ചവാര്പാറയിൽ ആദ്യത്തെ സ്കൂൾ വരുന്നു. ജില്ലാ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ സ്കൂൾ നിർമ്മിക്കാൻ തീരുമാനമായത്. ഇതോടെ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ് ഗ്രാമം. ഭൂമിശാസ്ത്രപരമായ വെല്ലുവിളിയും കുഗ്രാമമെന്ന സ്ഥാനവും നാട്ടില്‍ സ്വന്തമായി ഒരു സ്കൂള്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്ന് ബച്ച് വാർപാറ എന്ന ഗ്രാമത്തെ വേറിട്ടു നിര്‍ത്തിയിരുന്നു
നിലവില്‍ സ്കൂളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സ്കൂള്‍ കെട്ടിടത്തിനാവശ്യമായ സാമഗ്രികള്‍ കാല്‍നടയായി എട്ട് കിലോമീറ്ററോളം വരുന്ന കുന്ന് കയറിയാണ് കൊണ്ടുപോകുന്നത്. കാട്ടുവഴികളിലൂടെയുളള ഈ ദൗത്യത്തില്‍ അടങ്ങിയിരിക്കുന്ന വെല്ലുവിളികളും അധികൃതര്‍ ചൂണ്ടിക്കാട്ടി. അതേസമയം രണ്ട് മാസത്തിനുളളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് വിജയ് ദയാറാം പറഞ്ഞു.
ബച്ചവാര്പാറ ഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ സ്കൂള്‍ നിര്‍മാണത്തിനായി അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ഉള്‍ഗ്രാമമായതിനാല്‍ ഇത് തടസപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്തെ നാല്‍പ്പതോളം കുട്ടികള്‍ നിലവില്‍ ഒരു മണ്കൂരയ്ക്കകത്തിരുന്നാണ് പഠിക്കുന്നത്. ഈ സാഹചര്യത്തില്‍ ബച്ചവാര്പാറയില് പുതിയ കെട്ടിടം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെന്നും ഉറപ്പായും ഗ്രാമത്തിന് ഒരു സ്കൂള്‍ കെട്ടിടം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
STORY HIGHLIGHTS: remote bachawarpara village will have school