Top

പഞ്ചാബില്‍ തോല്‍പിച്ചത് സിദ്ദുവോ?; ക്യാപ്റ്റനെ കൈവിട്ട് സെല്‍ഫ് ഗോളടിച്ച കോണ്‍ഗ്രസ് നേതൃത്വമോ?

10 March 2022 1:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പഞ്ചാബില്‍ തോല്‍പിച്ചത് സിദ്ദുവോ?; ക്യാപ്റ്റനെ കൈവിട്ട് സെല്‍ഫ് ഗോളടിച്ച കോണ്‍ഗ്രസ് നേതൃത്വമോ?
X

പഞ്ചാബ് പോലൊരു സംസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് കാരണം എന്ത്. തിരിച്ചടി പ്രതീക്ഷിച്ചിരുന്നു എങ്കിലും കോണ്‍ഗ്രസിന്റെ കണക്കൂട്ടല്‍ പാടെ തെറ്റിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പഞ്ചാബില്‍ പാര്‍ട്ടി നേരിട്ടത്. അതിന് കാരണം നേതൃത്വത്തിന്റെ പിടിപ്പ് കേടാണെന്ന് നിസംശയം പറയാം. പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു അമൃത്‌സര്‍ ഈസ്റ്റില്‍ 6750 വോട്ടിന് തോറ്റു. മുഖ്യമന്ത്രി ചരണ്‍ ജിത്ത് സിങ് ഛന്നി മത്സരിച്ച രണ്ട് മണ്ഡലത്തിലും തോറ്റു. അതായത് പഞ്ചാബില്‍ ശക്തമായ ഭരണ വിരുദ്ധ വികാരം നിലനിന്നിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഒപ്പം പാളയത്തിലെ പടയും, വിവാദങ്ങളും. രാജ്യസ്‌നേഹത്തിനും ദേശീയതയ്ക്കും ഏറെ പ്രാധാന്യം നല്‍കുന്നവരാണ് പഞ്ചാബികള്‍ അവിടെയായിരുന്നു സിദ്ദുവിനെ പോലെ ദേശസ്‌നേഹത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന ഒരാളെ നിര്‍ത്തി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്.

പഞ്ചാബില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ ചില കൈവിട്ട കളികള്‍ പാര്‍ട്ടിയുടെ പരാജയത്തിന്റെ ആക്കം കൂട്ടുകയാണ് ചെയ്തത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ചോദിച്ച് വാങ്ങിയ തോല്‍വിയാണ് എന്ന് തന്നെ പറയേണ്ടിവരും. മുതിര്‍ന്ന നേതാവ് അമരീന്ദര്‍ സിങിനെ യാതൊരു ദയയും കാണിക്കാതെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കുക. പകരം ബിജെപിയില്‍ തുടങ്ങി എഎപി വഴി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെത്തിയ നവജ്യോത് സിങ് സിദ്ദു എന്ന ക്രിക്കറ്റ് കളിക്കാരനെ നേതൃത്വത്തിലെത്തിക്കുക. കോണ്‍ഗ്രസ് ചെയ്ത വലിയ മണ്ടത്തരം എന്ന് തന്നെ ഈ തീരുമാനങ്ങള്‍ വിലയിരുത്തേണ്ടിവരുമെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. അമരീന്ദര്‍ സിങിന് സിഖുകാര്‍ക്ക് ഇടയില്‍ ഉണ്ടായിരുന്ന സ്വാധീനം പാടെ തള്ളുന്നതായിരുന്നു ഈ തീരുമാനങ്ങള്‍.

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം മാത്രമായിരുന്നു സിദ്ദു എന്ന രാഷ്ട്രീയക്കാരന്റെ ലക്ഷ്യം. അതിന് വേണ്ടി കോണ്‍ഗ്രസില്‍ നിരന്തരം ചടരടുവലികള്‍ നടത്തുകയായിരുന്നു സിദ്ദു ചെയ്ത് പോന്നത്. താന്‍ അംഗമായിരുന്ന അമരീന്ദര്‍ സര്‍ക്കാറിനെ സിദ്ദു നിരന്തരം വിമര്‍ശിച്ചുകൊണ്ടിരുന്നു. അമരീന്ദര്‍ സിദ്ദു വാക്ക്‌പോര് പലപ്പോഴും പാര്‍ട്ടിയെയും സര്‍ക്കാറിനെയും പ്രതിസന്ധിയിലാക്കി. ഒടുവില്‍ എംഎല്‍എമാരെ അടര്‍ത്തിമാറ്റി പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കി. എന്നിട്ടും സിദ്ദുവിനെ പിന്തുണച്ച് ഹൈക്കമാന്‍ഡും, രാഹുല്‍ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും നിലകൊണ്ടു.

ഒടുവില്‍ രാജിവച്ചിറങ്ങിയ അമരീന്ദര്‍ സിങ് നേതൃത്വത്തിന് എതിരെ നടത്തിയ വിമര്‍ശനവും ശ്രദ്ധേയമായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ താന്‍ അവഹേളിതനായി, തന്റെ മേല്‍ ഹൈക്കമാന്റിനും സംശയം തോന്നിയിരിക്കുന്നു എന്നായിരുന്നു രാജി സമര്‍പ്പിച്ച ശേഷം അമരീന്ദര്‍ നടത്തിയ പ്രതികരണം.

അമരീന്ദറിന് ശേഷം ആര് എന്നതിന് ഹൈക്കമാന്‍ഡ് തീരുമാനം പക്ഷേ സിദ്ദുവിന് എതിരായി. ദളിത് വിഭാഗത്തില്‍പ്പെട്ട ചരണ്‍ജിത്ത് സിങ് ഛന്നിയെ രാഹുലും പ്രിയങ്കയും മുഖ്യമന്ത്രിയാക്കി. ഛന്നിയുമായും സിദ്ദു പിന്നാലെ ഇടയുന്നതാണ് രാജ്യം കണ്ടത്. ഛന്നി നടത്തിയ ചില നിയമനങ്ങളാണ് സിദ്ദുവിനെ പ്രകോപിപ്പിച്ചത്. ചരണ്‍ജിത് സിങ് ഛന്നി മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം സിദ്ദു പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച സംഭവും ഉണ്ടായി. പിന്നീട് എറെ പണിപ്പെട്ടായിരുന്നു നേതൃത്വം അദ്ദേഹത്തെ അനുനയിപ്പിച്ചത്.

ഇത്തരത്തില്‍, അധികാരത്തിനായി ചരട് വലികള്‍ നടത്തുന്നതിനിടെ പഞ്ചാബില്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. അവസാന നിമിഷം നടത്തിയ മുഖം മിനുക്കല്‍ നടപടികള്‍ ജനങ്ങളെ സ്വാധീനിച്ചില്ലെന്നതാണ് തോല്‍വിയുടെ അടിസ്ഥാന കാരണം എന്ന് വിലയിരുത്തേണ്ടിവരും.

Content Highlight: reason behind congress defeat in Panjab and Navjot Singh Sidhu

Next Story