Top

'പ്രവാചകനിന്ദ'; നുപുർ ശർമക്കുനേരെ ബലാത്സം​ഗ ഭീഷണിയും വധഭീഷണിയും, സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്

വിവാദ പരാമർശത്തിന്റെ പേരിൽ ഒരു കൂട്ടം ആളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ശത്രുത വളർത്തുന്നുവെന്ന് ആരോപിച്ച് ശർമ്മ മറ്റൊരു പരാതി നൽകി.

7 Jun 2022 9:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാചകനിന്ദ; നുപുർ ശർമക്കുനേരെ ബലാത്സം​ഗ ഭീഷണിയും വധഭീഷണിയും, സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്
X

ന്യൂഡൽഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബിജെപി വക്താവ് നുപുർ ശർമയ്ക്ക് നേരെ ബലാത്സം​ഗ ഭീഷണിയും വധഭീഷണിയും. ഭീഷണിയെത്തുടർന്ന് അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത ഡൽഹി പൊലീസ് നുപുർ ശർമക്ക് സുരക്ഷയും ശക്തമാക്കി. വധഭീഷണിയുണ്ടെന്നും വിദ്വേഷം വർധിച്ചുവെന്നും ആരോപിച്ച് മെയ് 27 ന് നുപുർ ശർമ്മ ഡൽഹി പൊലീസിന്റെ സൈബർ സെൽ യൂണിറ്റിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിൽ പൊലീസിനെ സഹായിക്കാൻ ട്വിറ്ററിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.


ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 507 (അജ്ഞാത ആശയവിനിമയത്തിലൂടെയുള്ള ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 509 (സ്ത്രീയെ അപമാനിക്കൽ) എന്നിവ പ്രകാരമാണ് സ്‌പെഷ്യൽ സെൽ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുള്ളത്. വിദ്വേഷ പരാമർശങ്ങളുടെ പേരിൽ തന്നെയും കുടുംബത്തെയും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ശർമ്മ കഴിഞ്ഞയാഴ്ച പലതവണ പൊലീസിനെ വിളിച്ചിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.

അന്വേഷണത്തിനിടെ, വിവാദ പരാമർശത്തിന്റെ പേരിൽ ഒരു കൂട്ടം ആളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ശത്രുത വളർത്തുന്നുവെന്ന് ആരോപിച്ച് ശർമ്മ മറ്റൊരു പരാതി നൽകി. പരാതി പരിശോധിച്ച ശേഷം ഐപിസി സെക്ഷൻ 153 എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നത്) കൂടി കേസിൽ കൂട്ടിച്ചേർത്തിരുന്നു.


ഗ്യാൻവാപി വിഷയവുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലിൽ നടന്ന ചർച്ചയിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുർ ശർമ്മയുടെ അപകീർത്തികരമായ പരാമർശം. സംഭവത്തിൽ ഹൈദരാബാദിലും മുംബൈയിലും ഫിടോണിയിലും കേസെടുത്തിരുന്നു. പ്രവാചകനെതിരെ അസഭ്യ വാക്കുകൾ ഉപയോഗിച്ചുവെന്നും ഇസ്ലാം മതത്തിനെതിരെ ചാനൽ ചർച്ചയിൽ വിദ്വേഷ പ്രസ്താവന നടത്തിയെന്നും കാണിച്ചാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇസ്ലാം മതഗ്രന്ഥങ്ങളിൽ ആളുകൾക്ക് കളിയാക്കാൻ കഴിയുന്ന ചില കാര്യങ്ങൾ ഉണ്ടെന്നായിരുന്നു നുപുർ ശർമ്മയുടെ പരാമർശം. മുസ്ലിങ്ങൾ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുർ ശർമ്മ ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ നുപുർ ശർമ്മ മാപ്പ് പറഞ്ഞു. പരാമർശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ നിരുപാധികമായി പിൻവലിക്കുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഖേദപ്രകടനത്തിൽ നുപുർ ശർമ്മ പറഞ്ഞു. വിവാദ പരാമർശത്തിന് പിന്നാലെ നുപുർ ശർമ്മയ്‌ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. നുപുർ ശർമ്മയെയും ഡൽഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീൻ കുമാർ ജിൻഡാലിനെയും പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ബിജെപി നേതൃത്വം അറിയിച്ചിരുന്നു.

പ്രവാചക നിന്ദയ്ക്കെതിരെ ഇറാന്‍, ഇറാഖ്, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യുഎഇ, ജോര്‍ദാന്‍, ബെഹ്‌റൈന്‍, മാലിദ്വീപ്, ലിബിയ, ഇന്‍ഡോനേഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ പതിമൂന്നോളം രാജ്യങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. വാണിജ്യ വ്യവസായ രംഗത്ത് ഈ രാജ്യങ്ങളുടെ നിലപാട് ഇന്ത്യക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയെത്തുടര്‍ന്ന് പ്രതിഷേധമറിയിച്ച രാജ്യങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും കേന്ദ്രം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Story Highlights: Blasphemy of Prophet; Delhi Police ensured Preventive security to Nupur Sharma on rape and death threats

Next Story