Top

അയോധ്യ വിധിക്ക് ശേഷം ബെഞ്ച് അം​ഗങ്ങളുമായി താജ് ഹോട്ടലിൽ പാർട്ടി നടത്തിയെന്ന് രഞ്ജൻ ഗൊ​ഗോയ്

9 Dec 2021 2:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അയോധ്യ വിധിക്ക് ശേഷം ബെഞ്ച് അം​ഗങ്ങളുമായി താജ് ഹോട്ടലിൽ പാർട്ടി നടത്തിയെന്ന് രഞ്ജൻ ഗൊ​ഗോയ്
X

ബാബറി മസ്ജിദ്-രാമജൻമ ഭൂമി തർക്കത്തിലെ നിർണായക സുപ്രീം കോടതി വിധിക്ക് ശേഷം സുപ്രീം ബെഞ്ചം​ഗങ്ങളെ അത്താഴ വിരുന്നിന് ക്ഷണിച്ചിരുന്നെന്ന് മുൻ ചീഫ് ജസ്റ്റിസ് രജ്ജൻ ​ഗൊ​ഗോയ്. ഹോട്ടൽ താജ് മൻസിം​ഗിൽ എല്ലാവരും ഒത്തുകൂടുകയും വൈൻ കുടിച്ച് ആഘോഷിക്കുകയും ചെയ്തതായാണ് തുറന്നു പറച്ചിൽ. രഞ്ജൻ ​ഗൊ​ഗോയുടെ ആത്മകഥയായ ജസ്റ്റിസ് ഫോർ ദ ജഡ്ജ് എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.

തന്റെ കരിയറിലെ ഏറ്റവും നിർണായകമായ സംഭവങ്ങളെ പറ്റി പുസ്തകത്തിൽ പറയുന്നുണ്ട്. ഇതിലൊന്നായാണ് അയോധ്യ വിധിയും പരാമർശിച്ചിരിക്കുന്നത്. 'വിധിപ്രസ്താവനയ്ക്ക് ശേഷം അശോകചക്രത്തിന് താഴെ ഒന്നാം നമ്പർ കോടതിക്ക് പുറത്തുള്ള ജഡ്ജിമാരുടെ ​ഗാലറിയിൽ സെക്രട്ടറി ജനറൽ ഫോട്ടോ സെഷൻ സംഘടിപ്പിച്ചു. വൈകുന്നേരം ഞാൻ വിധികർത്താക്കളെ അത്താഴത്തിന് താജ് മൻസിം​ഗ് ഹോട്ടലിലേക്ക് കൊണ്ട് പോയി. ഞങ്ങൾ ചൈനീസ് ഭക്ഷണം കഴിച്ചു. അവിടെ ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച വൈൻ കുപ്പി പങ്കിട്ടു,' ​ഗൊ​ഗോയ് ആത്മകഥയിൽ പറയുന്നു.

രഞ്ജൻ ​ഗൊ​ഗോയ്ക്ക് പുറമെ , ‌ ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവരായിരുന്നു അയോധ്യ വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ബെഞ്ചം​ഗങ്ങൾ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആത്മകഥയില്‍ അയോധ്യ വിധിക്ക് പുറമെ, തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ രഞ്ജന്‍ ഗൊഗോയ് പരാമര്‍ശിക്കുന്നുണ്ട്.

Next Story