Top

'എന്‍സിബി സിനിമയില്‍ ഹീറോ ആര്യന്‍, സംവിധാനം മാധ്യമങ്ങള്‍'; വിമര്‍ശനവുമായി രാംഗോപാല്‍ വര്‍മ്മ

ആര്യന്‍ ഖാനെ സൂപ്പര്‍ ഡൂപ്പര്‍ സ്റ്റാറായി ഉയര്‍ത്തിയെന്നും വര്‍മ്മ

15 Oct 2021 9:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്‍സിബി സിനിമയില്‍ ഹീറോ ആര്യന്‍, സംവിധാനം മാധ്യമങ്ങള്‍; വിമര്‍ശനവുമായി രാംഗോപാല്‍ വര്‍മ്മ
X

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റിലും ജാമ്യം നല്‍കുന്നത് വൈകുന്നതിലും പ്രതിഷേധിച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ.

'ഫിലീം റോക്കറ്റ്, പുതിയ ഹീറോ ആര്യന്‍ ഖാന്‍, നിര്‍മ്മാണം എന്‍സിബി, സഹനിര്‍മ്മാണം ചിലരാഷ്ട്രീയ കക്ഷികള്‍, സംവിധാനം മാധ്യമങ്ങള്‍' എന്നാണ് ആര്യനെ പിന്തുണച്ച് രാംഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചത്. എന്‍സിബി അറസ്റ്റ് ചെയ്തതിലൂടെ ആര്യന്‍ ഖാനെ സൂപ്പര്‍ ഡൂപ്പര്‍ സ്റ്റാറായി ഉയര്‍ത്തിയെന്നും വര്‍മ്മ വിമര്‍ശനം ഉന്നയിച്ചു.

ആര്യന്‍ ഖാന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഒക്ടോബര്‍ 20ലേക്ക് മാറ്റിയതില്‍ ബോളിവുഡില്‍ കടുത്ത അസംതൃപ്തി പുകയുന്നതിനിടെയാണ് രാംഗോപാല്‍ വര്‍മ്മയുടെ പോസ്റ്റ്. കഴിഞ്ഞ ദിവസം കോടതി വിധി വന്നതിന് ശേഷം നിരവധി പ്രമുഖരാണ് ആര്യന്‍ ഖാന് പിന്തുണയുമായി രംഗത്തെത്തിയത്.

സംവിധായകന്‍ രാഹുല്‍ ദൊലേക്കിയ, നടി സ്വര ഭാസ്‌ക്കര്‍ എന്നിവര്‍ ആര്യന്റെ ജാമ്യാപേക്ഷ മാറ്റിയതില്‍ കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചത്. ആര്യന്റെ ജാമ്യാപേക്ഷ നീട്ടിവെച്ചത് തീര്‍ത്തും നിരാശജനകമെന്ന് രാഹുല്‍ ദൊലേക്കിയ ട്വീറ്റ് ചെയ്തു. അതേസമയം സ്വര ഭാസ്‌ക്കര്‍ കടുത്ത പീഡനമെന്നാണ് ആര്യന്റെ ജാമ്യ ഹര്‍ജി നീട്ടിവെച്ചതിനെ വിശേഷിപ്പിച്ചത്. കഞ്ചാവ് ഉപയോഗിക്കുന്നത് പല രാജ്യങ്ങളിലും നിയമപരമാണെന്നും എന്നാല്‍ ഇന്ത്യയില്‍ മയക്കുമരുന്ന് നിയന്ത്രിക്കുകയല്ല കടുത്ത പീഡനമാണ് കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്കെന്ന് സംവിധായകന്‍ ഹന്‍സല്‍ മേത്ത ട്വീറ്റ് ചെയ്തു.

കാജോളിന്റെ സഹോദരി തനിഷ മുഖര്‍ജി അടക്കം നിരവധി പേരാണ് ആര്യനെ പിന്തുണച്ചും അന്വേഷണ ഏജന്‍സിയെ വിമര്‍ശിച്ചും രംഗത്തെത്തിയത്.

അതേസമയം, ബോളിവുഡിലെ പല പ്രമുഖരും ആര്യന്‍ ഖാന്റെ അറസ്റ്റില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായില്ല. കാജോള്‍, അജയ് ദേവ്ഗണ്‍, ബച്ചന്‍ കുടുംബം, അക്ഷയ് കുമാര്‍ തുടങ്ങി പ്രമുഖര്‍ ഇതുവരെ ആര്യന്റെ അറസ്റ്റില്‍ പ്രതികരണം നടത്തിയിട്ടില്ല. ബോളിവുഡിലെ പുതു തലമുറയിലെ താരങ്ങളും സംഭവത്തില്‍ നിശബ്ദത പാലിക്കുകയാണ്.

ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഖാനെ ക്രൂയിസ് ഷിപ്പില്‍ നിന്ന് എന്‍സിബി അറസ്റ്റ് ചെയ്യുന്നത്. ആര്യന് പുറമേ മുണ്‍മുണ്‍ ധമേച്ച, അര്‍ബ്ബാസ് മെര്‍ച്ചന്റ് തുടങ്ങീ ആര്യന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പടെ ആറുപേരാണ് ക്രൂയിസ് ഷിപ്പില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടത്.

Next Story