Top

പതിവ് അറ്റകുറ്റപണിക്കിടെ സംഭവിച്ച സാങ്കേതിക തകരാര്‍; പാകിസ്താനില്‍ മിസൈല്‍ പതിച്ചതില്‍ രാജ്‌നാഥ് സിങ്

വിഷയം വളരെ ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഉന്നതതല അന്വേഷണത്തിന് ഔദ്യോഗിക ഉത്തരവ് നൽകിയിട്ടുണ്ടെന്നും പ്രതിരോധമന്ത്രി സഭയെ അറിയിച്ചു

15 March 2022 6:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പതിവ് അറ്റകുറ്റപണിക്കിടെ സംഭവിച്ച സാങ്കേതിക തകരാര്‍; പാകിസ്താനില്‍ മിസൈല്‍ പതിച്ചതില്‍ രാജ്‌നാഥ് സിങ്
X

ന്യൂഡൽഹി: ഇന്ത്യയുടെ സൂപ്പർ സോണിക് മിസൈൽ പാകിസ്താനില്‍ പതിച്ചത് ആകസ്മികമായിട്ടാണെന്ന് രാജ്യസഭയിൽ വിശദീകരണം നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മിസൈൽ യൂണിറ്റിന്റെ പതിവ് അറ്റകുറ്റപ്പണികൾക്കും പരിശോധനയ്ക്കുമിടെ ഉണ്ടായ സാങ്കേതിക തകരാറാണ് ഖേദകരമായ സംഭവത്തിന് കാരണമായതെന്ന് മന്ത്രി വിശദീകരിച്ചു. മിസൈൽ വീണത് പാകിസ്താന്‍റെ പ്രദേശത്താണെന്ന് പിന്നീടാണ് അറിയുന്നത്. സംഭവം ഖേദകരമാണ്. പക്ഷേ, നഷ്ടമൊന്നും സംഭവിച്ചില്ല എന്നത് ആശ്വാസകരമാണ്. സർക്കാർ ഈ വിഷയം വളരെ ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഉന്നതതല അന്വേഷണത്തിന് ഔദ്യോഗിക ഉത്തരവ് നൽകിയിട്ടുണ്ടെന്നും പ്രതിരോധമന്ത്രി സഭയെ അറിയിച്ചു.

മാര്‍ച്ച് ഒന്‍പതിനായിരുന്നു പതിവ് അറ്റകുറ്റപ്പണിക്കിടെ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ആകസ്മികമായി മിസെെൽ പാകിസ്താന്റെ ഭൂപ്രദേശത്ത് ചെന്ന് പതിച്ചത്. പാകിസ്താന്‍ സൈന്യം ഇത് ചൂണ്ടിക്കാണിച്ചതിന് പിന്നാലെ രണ്ട് ദിവസം കഴിഞ്ഞ് മാര്‍ച്ച് 11നാണ് ഇന്ത്യ ഇത് സ്ഥിരീകരിച്ചത്. സംഭവം സര്‍ക്കാര്‍ ഗൗരവമായി കാണുകയും കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് ഉത്തരവിടുകയും ചെയ്തതായി പ്രതിരോധമന്ത്രാലയം അറിയിച്ചിരുന്നു. ഖാനേവാല്‍ ജില്ലയിലെ മിയാന്‍ ചന്നുവിലാണ് ഇന്ത്യയുടെ മിസൈല്‍ പതിച്ചത്. സ്ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് വിക്ഷേപിക്കപ്പെട്ടത്. ഹരിയാനയിലെ സിര്‍സ വ്യോമത്താവളത്തില്‍ നിന്നാണ് സൂപ്പര്‍സോണിക് മിസൈല്‍ പാകിസ്ഥാനില്‍ പതിച്ചത്.

'മാര്‍ച്ച് ഒന്‍പതിന് പരിശോധനയ്ക്കിടെ സംഭവിച്ച വലിയ പിഴവില്‍ പറന്നുയര്‍ന്ന മിസൈല്‍ പാകിസ്താന്റെ ഭൂപ്രദേശത്ത് പതിച്ചു. സംഭവം ഏറെ ദുഃഖകരമാണ്. ആളപായം ഉണ്ടായില്ല എന്നത് ആശ്വാസവുമായി. സംഭവത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.' പ്രതിരോധ മന്ത്രാലയം സംഭവം സ്ഥിരീകരിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

STORY HIGHLIGHTS: Rajnath Singh brief about missile misfire into Pakistan in Parliament

Next Story