Top

ഒടുവില്‍ പേരറിവാളന് ജാമ്യം; 32 വര്‍ഷത്തെ തടവിനിടെ പരോള്‍ കിട്ടിയത് രണ്ട് തവണ മാത്രം

32 വർഷത്തെ തടവും ജയിലിലെ നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്

9 March 2022 11:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒടുവില്‍ പേരറിവാളന് ജാമ്യം; 32 വര്‍ഷത്തെ തടവിനിടെ പരോള്‍ കിട്ടിയത് രണ്ട് തവണ മാത്രം
X

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എ ജി പേരറിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 32 വർഷത്തെ തടവും ജയിലിലെ നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികളോ‌ടെയാണ് ജാമ്യം. ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

പ്രതി ഇതിനകം 30 വർഷത്തിലേറെയായി ശിക്ഷ അനുഭവിച്ചിട്ടുള്ളതിനാൽ പേരറിവാളിന് ജാമ്യത്തിന് അർഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉപാധികളോ‌ടെയാണ് ജാമ്യം അനുവദിക്കുന്നതെന്നും ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിയ്ക്ക് തീരുമാനിക്കാമെന്നും അറിയിച്ചു. എല്ലാ മാസവും സിബിഐ ഓഫീസർക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യണമെന്നും പേരറിവാളിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം പേരറിവാളൻ 32 വർഷം ജയിൽവാസം അനുഭവിച്ചതിൽ ആർക്കും തന്നെ തർക്കമില്ലെന്ന് ബെഞ്ച് വിശദീകരിച്ചു. നേരത്തെ രണ്ട് തവണ പേരറിവാളിനെ പരോളിൽ വിട്ടയച്ചതായി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പരാതികളൊന്നും ഉണ്ടായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

പേരറിവാളിന്റെ അപേക്ഷയിൽ തീരുമാനമെ‌ടുക്കാനുള്ള ഉചിതമായ അധികാരം രാഷ്ട്രപതിക്കാണെന്ന് കേന്ദ്രം വാദിച്ചിരുന്നു. യൂണിയൻ എക്സിക്യൂട്ടീവ് അധികാരപരിധിയിലുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ, മോചനത്തിനായുള്ള അപേക്ഷയിൽ തീരുമാനമെടുക്കാൻ കേന്ദ്രത്തിന് അർഹതയുണ്ടെന്ന് കേന്ദ്രത്തിനായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് അറിയിച്ചു. നേരത്തെ തന്നെ പേരറിവാളിന് വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതിന്റെ ആനുകൂല്യം കിട്ടിയിട്ടുണ്ടെന്നും ഇനിയും ആനുകൂല്യം നൽകരുതെന്നും ന‌ടരാജ് കോടതിയോട് പറഞ്ഞു.

എന്നാല്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതിന് ശേഷമുള്ള അപേക്ഷ പരിഗണിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. തന്റെ പെരുമാറ്റം തെളിയിക്കാൻ മതിയായ വസ്തുക്കൾ അപേക്ഷകൻ ഹാജരാക്കിയിട്ടുണ്ടെന്നും കോടതി വിശദീകരിച്ചു.

STORY HIGHLIGHTS: Rajiv Gandhi Case Convict Granted Bail By Supreme Court

Next Story