Top

'12 തവണ ക്ഷേത്രദര്‍ശനം നടത്തിയാല്‍ ജീവിതം സന്തോഷപ്രദമാകും'; 1.90 കോടിയുടെ ഇന്‍ഷുറന്‍സിന് ഭാര്യയെ കൊലപ്പെടുത്തി

വാഹനം വാടകയ്‌ക്കെടുത്താണ് ഇരട്ടക്കൊലപാതകം നടത്തിയത്

1 Dec 2022 11:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

12 തവണ ക്ഷേത്രദര്‍ശനം നടത്തിയാല്‍ ജീവിതം സന്തോഷപ്രദമാകും; 1.90 കോടിയുടെ ഇന്‍ഷുറന്‍സിന് ഭാര്യയെ കൊലപ്പെടുത്തി
X

ജയ്പൂര്‍: 1.90 കോടി രൂപയുടെ ഇന്‍ഷുറന്‍സ് സ്വന്തമാക്കാന്‍ വാഹനാപകടം സൃഷ്ടിച്ച് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. പ്രതി മഹേഷ് ചന്ദ് വാഹനം വാടകയ്‌ക്കെടുത്താണ് ഇരട്ടക്കൊലപാതകം നടത്തിയത്. വാടകയ്‌ക്കെടുത്ത കാര്‍ ഭാര്യയും ബന്ധുവും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ മനപൂര്‍വ്വം ഇടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടുപേരും മരണപ്പെട്ടു.

മഹേഷിന്റെ ഭാര്യ ശാലുവും ബന്ധുവായ രാജുവും ജയ്പൂരിലെ സമോദ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് അപകടം സൃഷ്ടിച്ചത്. അപകടത്തിന് മുമ്പ് മഹേഷ് ഭാര്യയുടെ പേരില്‍ ഒരു കോടി 90 ലക്ഷം രൂപയ്ക്ക് ഇന്‍ഷുറന്‍സ് എടുത്തിരുന്നു.

കൊല്ലപ്പെട്ട ശാലുവും മഹേഷും തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 2019ല്‍ ശാലു ഭര്‍ത്താവ് മഹേഷിനെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് സ്ത്രീധന പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയുണ്ടായി.

ക്ഷേത്രം 12 തവണ സന്ദര്‍ശിച്ചാല്‍ സന്തോഷകരമായ ജീവിതം ലഭിക്കുമെന്ന് പ്രതി ഗൂഡാലോചനയുടെ ഭാഗമായി ഭാര്യയോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഇതിനായി മഹേഷ് ശാലുവിനെ സ്ഥിരമായി നിര്‍ബന്ധിച്ചിരുന്നു. തുടര്‍ന്ന് മഹേഷിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ശാലു, ബന്ധു രാജുവിനെയും കൂട്ടി ക്ഷേത്ര ദര്‍ശനം നടത്താന്‍ യാത്രപുറപ്പെട്ടത്. ഇതിനിടെ അവര്‍ പോകുന്ന വഴി മഹേഷ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന്് യാത്രാമദ്ധ്യേ അമിത വേഗത്തിലെത്തിയ കാര്‍ ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചു.

സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് സ്‌കൂട്ടര്‍ യാത്രികരെ കാര്‍ മനപൂര്‍വ്വം ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മഹേഷ് നാല് മാസം മുന്‍പ് ശാലുവിന്റെ പേരില്‍ ഇന്‍ഷുറന്‍സ് എടുത്തിരുന്നതായി കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് മഹേഷ്, രാജു, മുകേഷ് സിംഗ് റാത്തോഡ്, സോനു സിംഗ്, രാകേഷ് ബര്‍വ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

STORY HIGHLIGHTS: Rajasthan man kills wife in staged road accident to get Rs 1.90 crore insurance money

Next Story