Top

'മതത്തിന്റെ പേരിലുള്ള ക്രൂരത വെച്ചുപൊറുപ്പിക്കാനാവില്ല'; ഉദയ്പൂർ കൊലപാതകത്തിൽ രാഹുൽ ​ഗാന്ധി

നമ്മൾ എല്ലാവരും ഒരുമിച്ച് വിദ്വേഷത്തെ പരാജയപ്പെടുത്തണം.

28 Jun 2022 4:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മതത്തിന്റെ പേരിലുള്ള ക്രൂരത വെച്ചുപൊറുപ്പിക്കാനാവില്ല; ഉദയ്പൂർ കൊലപാതകത്തിൽ രാഹുൽ ​ഗാന്ധി
X

ന്യൂഡൽഹി: മതത്തിന്റെ പേരിലുള്ള ക്രൂരത വച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഉദയ്പൂർ കൊലപാതകത്തിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഉദയ്പൂരിലെ കൊലപാതകം ഞെട്ടിക്കുന്നതാണ്. നടന്നത് ഹീന കൃത്യമാണ്. ഈ ക്രൂരതയുടെ പേരിൽ ഭീകരത പടർത്തുന്നവരെയും ശിക്ഷിക്കണം. എല്ലാവരും ഒരുമിച്ച് വിദ്വേഷത്തെ പരാജയപ്പെടുത്തണമെന്നും രാഹുൽ​ ​ഗാന്ധി ട്വീറ്റ് ചെയ്തു.

'ഉദയ്പൂരിലെ ക്രൂരമായ കൊലപാതക വാർത്ത കേട്ട് ഞെട്ടിപ്പോയി. മതത്തിന്റെ പേരിലുള്ള ക്രൂരത വെച്ചുപൊറുപ്പിക്കാനാവില്ല. ഈ ക്രൂരതയുടെ പേരിൽ ഭീകരത പടർത്തുന്നവരെ ഉടൻ ശിക്ഷിക്കണം. നമ്മൾ എല്ലാവരും ഒരുമിച്ച് വിദ്വേഷത്തെ പരാജയപ്പെടുത്തണം. എല്ലാവരോടും ഞാൻ അഭ്യാർത്ഥിക്കുന്നു, ദയവായി സമാധാനവും സാഹോദര്യവും നിലനിർത്തുക,' എന്ന് രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു.

'ഉദയ്പൂരിലെ അക്രമ സംഭവത്തെ അപലപിച്ചവരുടെ എണ്ണം കുറവാണ്. കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണം. മതത്തിന്റെ പേരിലുളള വിദ്വേഷം രാജ്യത്തിനും സമൂഹത്തിനും മാരകമാണ്. വിദ്വേഷത്തിനെതിരെ ഒരുമിച്ച് പോരാടണം. സമാധാനത്തിനും അഹിംസയ്ക്കും വേണ്ടി.' എന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തു.

നുപുർ ശർമ്മയെ പിന്തുണച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് തയ്യൽ ജോലിക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയത്. കേസിൽ ഉദയ്പൂർ സ്വദേശികളായ ​​ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അൻസാരി എന്നിവർ അറസ്റ്റിലായിട്ടുണ്ട്. വെട്ടിക്കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘാർഷാവസ്ഥ നിലനിൽക്കുകയാണ്.

കൊലപാതകം നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രതികൾ പ്രചരിപ്പിച്ചിരുന്നു. വീഡിയോയിൽ പ്രതികളുടെ മുഖം വ്യക്തമായതിനാൽ ഇവർക്കായുളള തിരച്ചിൽ ഊർജിതമാക്കിയിരുന്നു. 'ഞങ്ങളുടെ ദൈവത്തോട് അനാദരവ് കാണിച്ച പ്രതിയെ പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യം പൂർത്തിയാകുമ്പോൾ ഈ വീഡിയോ വൈറലാക്കും' എന്ന് പ്രതികളിലൊരാൾ പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊലപാതകത്തെ തുടർന്ന് ഉദയ്പൂരിൽ ഇന്റർനെറ്റിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

STORY HIGHLIGHTS: Rahul Gandhi appealed for calm today after the horrific murder of a tailor set Rajasthan's Udaipur

Next Story