Top

'വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തില്‍ എന്റെ പിതാവിനെ നഷ്ടപ്പെട്ടു, രാജ്യത്തെയും അങ്ങനെ നഷ്ടപ്പെടുത്തില്ല'; രാഹുല്‍ ഗാന്ധി

ശ്രീപെരുംപുത്തൂരിലെത്തി രാജീവ് ഗാന്ധി മരിച്ചുവീണ സ്ഥലത്തും അവിടെയുള്ള സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തി

7 Sep 2022 5:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തില്‍ എന്റെ പിതാവിനെ നഷ്ടപ്പെട്ടു, രാജ്യത്തെയും അങ്ങനെ നഷ്ടപ്പെടുത്തില്ല; രാഹുല്‍ ഗാന്ധി
X

ചെന്നൈ: തന്റെ പിതാവിനെ ഇല്ലാതാക്കിയ വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തില്‍ രാജ്യത്തെ കൂടി നഷ്ടപ്പെടുത്തില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി ശ്രീപെരുംപുത്തൂരിലെത്തി രാജീവ് ഗാന്ധി മരിച്ചുവീണ സ്ഥലത്തും അവിടെയുള്ള സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

'വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തില്‍ എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടു. എന്റെ പ്രിയപ്പെട്ട രാജ്യത്തെയും അങ്ങനെ നഷ്ടപ്പെടുത്തില്ല. സ്‌നേഹം വെറുപ്പിനെ കീഴടക്കും. പ്രതീക്ഷ ഭയത്തെ പരാജയപ്പെടുത്തും. ഒറ്റക്കെട്ടായി നമ്മള്‍ മറികടക്കും', രാഹുല്‍ ട്വീറ്റ് ചെയ്തു.



കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ആരംഭിക്കും. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയുടെ ഉദ്ഘാടനം കന്യാകുമാരിയില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വൈകിട്ട് അഞ്ചിന് നടക്കും. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയാണ് പദയാത്ര.

ഇതിന് മുന്നോടിയായാണ് ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി ശ്രീപെരുംപുത്തൂരിലെ രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തില്‍ എത്തിയത്. ഇതിന് ശേഷം ചെന്നൈയിലേക്ക് പോയ രാഹുല്‍, 11.45ന് വിമാനമാര്‍ഗം തിരുവനന്തപുരത്തേക്ക് പോകും. ഉച്ചയ്ത്ത് 12.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഒരു മണിയോടെ ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്ക് തിരിക്കും.

വൈകിട്ട് മൂന്നിന് തിരുവള്ളൂര്‍ സ്മാരകം, വിവേകാനന്ദ സ്മാരകം, കാമരാജ് സ്മാരകം എന്നിവ സന്ദര്‍ശിക്കും. തുടര്‍ന്ന് ഗാന്ധി മണ്ഡപത്തിലെത്തുന്ന രാഹുല്‍ ഗാന്ധി പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കുചേരും. യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവര്‍ണ പതാക ഗാന്ധി മണ്ഡപത്തില്‍ നിന്ന് സ്വീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനില്‍ നിന്നാകും പതാക സ്വീകരിക്കുക.

Story Highlights: Rahul Gandhi attended a prayer meeting at the Rajiv Gandhi Memorial in Sriperumbudur

Next Story