Top

'ഇതാണ് കാരണം'; ക്യാപ്റ്റനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കാനുള്ള കാരണം പറഞ്ഞ് രാഹുല്‍ ഗാന്ധി

വൈദ്യുത ബില്ലുകള്‍ എഴുതി തള്ളാന്‍ വിസ്സമ്മതിച്ചതാണ് ക്യാപ്റ്റനെ സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ കാരണമായി രാഹുല്‍ ഗാന്ധി പറഞ്ഞത്

17 Feb 2022 10:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇതാണ് കാരണം; ക്യാപ്റ്റനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കാനുള്ള കാരണം പറഞ്ഞ് രാഹുല്‍ ഗാന്ധി
X

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ സ്ഥാനത്ത് നിന്നും മാറ്റാനുള്ള കാരണം ആദ്യമായി തുറന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി. പഞ്ചാബിലെ പാവപ്പെട്ട ജനങ്ങളുടെ വൈദ്യുത ബില്ലുകള്‍ എഴുതി തള്ളാന്‍ വിസ്സമ്മതിച്ചതാണ് ക്യാപ്റ്റനെ സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ കാരണമായി രാഹുല്‍ ഗാന്ധി പറഞ്ഞത്. ഫത്തേഗഡ് സാഹിബില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

'എന്തുകൊണ്ടാണ് അമരീന്ദര്‍ സിംഗിനെ പുറത്താക്കിയത് എന്നത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. എന്നാല്‍, അത് എന്താണെന്ന് ഞാന്‍ നിങ്ങളോട് പറയും. പഞ്ചാബിലെ പാവപ്പെട്ട ജനങ്ങളുടെ വൈദ്യുത ബില്ലുകള്‍ എഴുതിത്തള്ളാന്‍ വിസ്സമ്മതിച്ചതിനാലാണ് അമരീന്ദറിനെ പുറത്താക്കിയത്', രാഹുല്‍ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട നവ്‌ജ്യോത് സിംഗ് സിദ്ദുവുമായുള്ള ഏറെ നാളത്തെ ഉള്‍പ്പോരിനൊടുവിലാണ് അമരീന്ദര്‍ സിംഗിനെ പുറത്താക്കുന്നതും ചരണ്‍ജിത് സിംഗ് ഛന്നിയെ മുഖ്യമന്ത്രിയായി പകരം നിയമിക്കുന്നതും. പിന്നാലെ പാര്‍ട്ടി വിട്ട അമരീന്ദര്‍ സിംഗ് പഞ്ചാബ് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ബിജെപിയുമായി ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിക്കുകയുമായിരുന്നു.

എന്നാല്‍, അമരീന്ദര്‍ സര്‍ക്കാരിനെ കേന്ദ്രത്തില്‍ നിന്ന് ബിജെപിയാണ് നയിച്ചതെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ആരോപണം. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് ഗാന്ധി കുടുംബത്തിന്റെ ദീര്‍ഘകാല വിശ്വസ്തനായിരുന്ന അമരീന്ദര്‍ സിംഗിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചത്. 'എന്തോ കുഴപ്പം സംഭവിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അതിനാലാണ് ഞങ്ങള്‍ നേതൃത്വത്തെ മാറ്റിയത്. നിങ്ങളില്‍ ഒരാളായ ചരണ്‍ജിത് സിംഗ് ഠന്നിയെ ഞങ്ങള്‍ക്ക് ലഭിച്ചു'. അദ്ദേഹം നിങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ടെന്നും അന്ന് പ്രിയങ്ക പറഞ്ഞിരുന്നു.

STORY HIGHLIGHTS: Rahul Gandhi On Why Amarinder Singh Was Removed As Punjab Chief Minister

Next Story