Top

'ഏറ്റവും താഴ്ന്ന ജാതിയേത്?'; പെരിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ എംഎ പരീക്ഷയ്ക്ക് ചോദ്യം, വിവാദം

ചോദ്യം സിലബസിന്റെ ഭാഗമാണെന്നാണ് വിശദീകരണം ലഭിച്ചതെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചു

15 July 2022 12:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏറ്റവും താഴ്ന്ന ജാതിയേത്?; പെരിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ എംഎ പരീക്ഷയ്ക്ക് ചോദ്യം, വിവാദം
X

ചെന്നൈ: തമിഴ്‌നാട്ടിലെ സേലം പെരിയാര്‍ സര്‍വകലാശാലയിലെ എംഎ ഹിസ്റ്ററി പരീക്ഷയിലെ ചോദ്യത്തിന്മേല്‍ വിവാദം. തമിഴ്‌നാട്ടിലെ ഏറ്റവും താഴ്ന്ന ജാതി ഏതെന്നായിരുന്നു പേപ്പറിലെ ചോദ്യം. 75 മാര്‍ക്കിന്റെ ചോദ്യപ്പേപ്പറില്‍ സി ഇ 1880 മുതല്‍ 1947 സി ഇ വരെയുള്ള സ്വാതന്ത്ര്യ സമര ചരിത്രം എന്ന വിഭാഗത്തിലാണ് വിവാദ ചോദ്യം ഉള്‍പ്പെട്ടിട്ടുള്ളത്. ഒരു മാര്‍ക്കിന്റെ 15 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് എ വിഭാഗത്തിലുള്ളത്.

ജാതി വ്യവസ്ഥക്കെതിരെ പോരാടിയ പെരിയാറിന്റെ പേരിലുള്ള സര്‍വകലാശാലയില്‍ ഇത്തരത്തിലൊരു ചോദ്യം ഉണ്ടായതിനെതിരെ കടുത്ത വിമര്‍ശനമാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നത്. വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നതോടെ വിശദീകരണവുമായി സര്‍വകലാശാലയും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും രംഗത്തെത്തി. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ചോദ്യം സിലബസിന്റെ ഭാഗമാണെന്നാണ് വിശദീകരണം ലഭിച്ചതെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചു. ഒഴിവാക്കാന്‍ കഴിയുമായിരുന്ന തെറ്റാണ് ഇതെന്നും ഡി ഗോപി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 'വൈസ് ചാന്‍സിലറുടെ നിര്‍ദ്ദേശപ്രകാരം സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഒരു സമിതി രൂപീകരിക്കും. തെറ്റു ചെയ്തവര്‍ക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകും,' ഡി ഗോപി പറഞ്ഞു.

ചോദ്യപ്പേപ്പറിനെതിരെ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയും രംഗത്തെത്തി. പെരിയാറിന്റെ പ്രത്യയശാസ്ത്രങ്ങളെ പരിഹസിക്കുന്ന നടപടിയാണിതെന്നും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജാതി അസമത്വം ഉണ്ടാക്കാനുള്ള നടപടിയാണിതെന്നും പളനിസ്വാമി വിമര്‍ശിച്ചു. ഇതാണോ ഡിഎംകെയുടെ സാമൂഹിക നീതിയുടെ ദ്രവീഡിയന്‍ മോഡല്‍ എന്നും ഇ പി എസ് ചോദിച്ചു.

STORY HIGHLIGHTS: Question about caste in an MA degree paper sparks row in Tamil Nadu

Next Story

Popular Stories