Top

ബിജെപി നേതാക്കളുടെ പ്രവാചക അപകീര്‍ത്തി പരാമര്‍ശം; പ്രതിഷേധം അറിയിച്ച് ഖത്തര്‍

5 Jun 2022 2:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി നേതാക്കളുടെ പ്രവാചക അപകീര്‍ത്തി പരാമര്‍ശം; പ്രതിഷേധം അറിയിച്ച് ഖത്തര്‍
X

ദോഹ: ഇന്ത്യയിലെ ബിജെപി നേതാക്കൾ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിൽ പ്രതിഷേധവുമായി ഖത്തർ. പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുളള ബിജെപി വക്താക്കളുടെ പരാമർശത്തിൽ രാജ്യം കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ ഖത്തറിലെ ഔദ്യോഗിക സന്ദർശനവേളയിലാണ്​ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തലിനെ വിളിച്ചു വരുത്തി ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ്​ അൽ മുറൈഖി രാജ്യത്തിന്‍റെ പ്രതിഷേധം അറിയിച്ചത്​.

രാജ്യത്തിന്‍റെ പ്രതി​ഷേധം അറിയിച്ചു കൊണ്ടുള്ള കത്ത്​ ഇന്ത്യൻ അംബാസഡർക്ക്​ കൈമാറുകയും ചെയ്തു. അതേസമയം, പ്രവാചക നിന്ദ നടത്തിയവർക്കെതിരെ നടപടി സ്വീകരിച്ച തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാൽ, ലോക മുസ്​ലിംകളെ വേദനിപ്പിച്ച പ്രസ്താവന നടത്തിയതിന്​ പരസ്യക്ഷമാപണം നടത്തുമെന്ന്​ പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ ഖത്തർ വിശദീകരിച്ചു.

ഗ്യാന്‍വാപി വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ടൈംസ് നൗ ചാനലിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയുടെ അപകീര്‍ത്തികരമായ പരാമര്‍ശം. സംഭവത്തില്‍ ഹൈദരാബാദിലും മുംബൈയിലും ഫിടോണിയിലും കേസെടുത്തിരുന്നു. പ്രവാചകനെതിരെ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചുവെന്നും ഇസ്ലാം മതത്തിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പ്രസ്താവന നടത്തിയെന്നും കാണിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപുര്‍ ശര്‍മ്മയുടെ പരാമര്‍ശം. മുസ്ലിങ്ങള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ്മ ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ നുപുര്‍ ശര്‍മ്മ മാപ്പ് പറഞ്ഞു. പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി പിന്‍വലിക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഖേദപ്രകടനത്തില്‍ നുപുര്‍ ശര്‍മ്മ പറഞ്ഞു. വിവാദ പരാമർശത്തിന് പിന്നാലെ നുപുര്‍ ശര്‍മ്മയ്‌ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. നുപുര്‍ ശര്‍മ്മയെയും ഡല്‍ഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ബിജെപി നേതൃത്വം അറിയിച്ചിരുന്നു.

STORY HIGHLIGHTS: Qatar protests defamatory remarks by BJP leaders against Prophet Muhammad

Next Story