Top

പ്രതീക്ഷിച്ചത് തുടര്‍ച്ച, ലഭിച്ചത് നിരാശ; ഛന്നി ഇന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കും

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കു മുന്‍മ്പാണ് ഛന്നി പഞ്ചാബ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തത്.

10 March 2022 6:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതീക്ഷിച്ചത് തുടര്‍ച്ച, ലഭിച്ചത് നിരാശ; ഛന്നി ഇന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കും
X

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി ഇന്ന് തന്നെ രാജിവെച്ചേക്കും. ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിതുമായി ഛന്നി ഇന്ന് കൂടിക്കാഴ്ച്ച നടത്തുമെന്നാണറിയുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഛന്നി ഔദ്യോഗിക വസതിയിലെത്തിയതായാണ് വിവരം.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കൂടിയായി മത്സരിച്ച രണ്ടുമണ്ഡങ്ങളിലും ഛന്നി പിന്നിലാണെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. ഛംകൗര്‍സാഹിബ്, ബഡൗര്‍ എന്നീ മണ്ഡലങ്ങളിലാണ് ഛന്നി ജനവിധി തേടിയത്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കു മുന്‍മ്പാണ് ഛന്നി പഞ്ചാബ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവും ചരണ്‍സിംഗ് ഛന്നിയുമായുള്ള അധികാര വടംവലി തുടരുന്നതിന്നിടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഛന്നിയെ പ്രഖ്യാപിച്ചതെന്നതും എടുത്തു പറയേണ്ടതാണ്.

കേവല ഭൂരിപക്ഷവും മറികടന്ന് ആംആദ്മി പാര്‍ട്ടി ലീഡ് നിലനിർത്തിയതോടെയാണ് ചരണ്‍ജിത് സിംഗ് ഛന്നി, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിദ്ദു, മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് തുടങ്ങീ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖര്‍ക്ക് അടിപതറിയത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായില്ലെങ്കിലും ഛന്നിയും സിദ്ദുവും അമരീന്ദറും മൂന്നും നാലും സ്ഥാനത്തേക്ക് പിന്തുള്ളപ്പെട്ടതായാണ് റിപ്പോർട്ട്.

പഞ്ചാബില്‍ കോണ്‍ഗ്രസിലുണ്ടായ ആഭ്യന്തര കലാപത്തിന് വിലയായാണ് തുടര്‍ച്ചയായി രണ്ടുതവണ ഭരണത്തിലെത്തിയ സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്വന്തം മുഖ്യമന്ത്രിയെ കൂടി വിജയിപ്പിച്ചെടുക്കാന്‍ കഴിയാതെ കിതക്കുന്നതെന്നതും ശ്രദ്ധേയമാണ്. അതേസമയം, കോണ്‍ഗ്രസിലെ പടലപിണക്കത്തില്‍ പുറത്തുപോകേണ്ടി വന്ന മുന്‍ മുഖ്യമന്ത്രിയും പഞ്ചാബ് രാഷ്ട്രീയത്തിലെ അതികായനുമായ അമരീന്ദറിന്റെ പാര്‍ട്ടിക്ക് വേരുറപ്പിക്കാന്‍ കഴിഞ്ഞില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്കുന്ന സൂചന. അമരീന്ദറിന്റെ കോട്ടയായി കരുതപ്പെടുന്ന പട്യാല മണ്ഡലത്തില്‍ നാലാം സ്ഥാനത്തേക്കാണ് അദ്ദേഹം വീണിരിക്കുന്നത്.

മുഖ്യമന്ത്രി ഛന്നിയും പാര്‍ട്ടി അധ്യക്ഷന്‍ സിദ്ദുവും നടത്തിയ ആഭ്യന്തര പോരാട്ടം കോണ്‍ഗ്രസിനെ വിരലിലെണ്ണാവുന്ന മണ്ഡലങ്ങളില്‍ മാത്രം ഒതുക്കിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ഫലങ്ങള്‍ നല്കുന്ന സൂചന. കോണ്‍ഗ്രസിന്റെ ആഭ്യന്തര കലഹങ്ങള്‍ക്ക് പഞ്ചാബിലെ ജനങ്ങള്‍ നല്കിയ മറുപടിയാണ് ഈ കനത്ത പരാജയമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

STORY HIGHLIGHTS: punjab election Channi will resign as Chief Minister today

Next Story