Top

'രാമന്റേയും കൃഷ്ണന്റേയും ഉടമസ്ഥത നിങ്ങള്‍ക്കെങ്കില്‍ തെളിവ് കാണിക്കണം'; ബിജെപിക്ക് കോണ്‍ഗ്രസിന്റെ വക്കീല്‍ നോട്ടീസ്

രാമനേയും കൃഷ്ണനേയും ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് ബിജെപി പറയുന്നത് അവര്‍ വിശദമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ ദേവ ദേവാംഗന്‍ ആവശ്യപ്പെട്ടു

13 Sep 2022 10:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാമന്റേയും കൃഷ്ണന്റേയും ഉടമസ്ഥത നിങ്ങള്‍ക്കെങ്കില്‍ തെളിവ് കാണിക്കണം; ബിജെപിക്ക് കോണ്‍ഗ്രസിന്റെ വക്കീല്‍ നോട്ടീസ്
X

റായിപൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കേ ഛത്തീസ്ഗഢ് രാഷ്ട്രീയത്തില്‍ മതവോട്ടുകള്‍ ലക്ഷ്യമിട്ട് പ്രചാരണം. ശ്രീരാമനും ശ്രീകൃഷ്ണനും ബിജെപിയുടേത് മാത്രമാണെങ്കില്‍ അതിന്റെ തെളിവ് കാണിക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിയായ കോണ്‍ഗ്രസ് ബിജെപിക്ക് വക്കീല്‍ നോട്ടീസ് അയച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റ ബിലാസ് പൂര്‍ എംപി അരുണ്‍ സാവോയുടെ പരാമര്‍ശമാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത്. 'രാമനും കൃഷ്ണനും കോണ്‍ഗ്രസ് ഒഴികെ എല്ലാവരുടേതുമാണെന്നായിരുന്നു സാവോയുടെ പ്രസ്താവന.

'രാമനും കൃഷ്ണനും എല്ലാവരുടേതുമാണ്, എന്നാല്‍ കോണ്‍ഗ്രസിന്റേതല്ല. മുന്‍പ് രാമന് വേണ്ടി കോണ്‍ഗ്രസ് പറഞ്ഞതും ചെയ്തതും എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ചരിത്രപരമായ തെളിവില്ലെന്ന് പറഞ്ഞ് ശ്രീരാമന്റെ അസ്ത്വിത്വം ചോദ്യം ചെയ്തവരാണ് അവര്‍,' സാവോ വിമര്‍ശിച്ചു.

രാമന്റെയോ കൃഷ്ണന്റെയോ മേല്‍ ബിജെപിക്ക് മാത്രമായി അവകാശമില്ലെന്ന് ഭൂപേഷ് ബാഗല്‍ പ്രസ്താവന നടത്തിയിരുന്നു. എല്ലാവരുടെയും ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുകയാണ് രാമനും കൃഷ്ണനുമെന്നും ഛത്തീസ്ഗഢ് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

രാമനേയും കൃഷ്ണനേയും ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് ബിജെപി പറയുന്നത് അവര്‍ വിശദമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ ദേവ ദേവാംഗന്‍ ആവശ്യപ്പെട്ടു. 'ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണ്. ഒരു ഭക്തന്‍ എന്ന നിലയില്‍ രാമനും കൃഷ്ണനും പൂജ അര്‍പ്പിക്കുന്നു. ശ്രീരാമനും ശ്രീകൃഷ്ണനും ബിജെപിക്ക് മാത്രമേ ആകാന്‍ പാടുള്ളൂ എന്ന് ഏത് രേഖയിലാണ് എഴുതിയിരിക്കുന്നത്?. ഞങ്ങളുടെ വക്കീല്‍ നോട്ടീസിന് ബിജെപി മറുപടി നല്‍കുകയും 15 ദിവസത്തിനകം മാപ്പ് പറയുകയും ചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും,' ദേവ ദേവാംഗന്‍ പറഞ്ഞു.

മുങ്ങുന്ന കപ്പലായി തുടരുന്ന കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് ഒരു ആശ്വാസവും നല്‍കില്ലെന്നും ഇതിന് ഉചിതമായ മാധ്യമത്തിലൂടെ ഞങ്ങള്‍ മറുപടി നല്‍കുമെന്നും ബിജെപി ലീഗല്‍ സെല്‍ ചുമതലയുള്ള നരേഷ് ഗുപ്ത പറഞ്ഞു.

ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള ബിജെപി പ്രചരണങ്ങളെ കൃത്യമായ മറുപടികള്‍ നല്‍കിയും മറു തന്ത്രങ്ങള്‍ ഇറക്കിയും നേരിടാനുള്ള തീരുമാനത്തിലാണ് ഭൂപേഷ് ബാഗലും ഛത്തീസ്ഗഢ് കോണ്‍ഗ്രസ് നേതൃത്വവും.

STORY HIGHLIGHTS: Prove that Lord Ram, Krishna belonged to your party Congress lawyer notice to BJP

Next Story