Top

ചണ്ഡീഗഢ് സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തം; ഹോസ്റ്റൽ ​ഗെയ്റ്റ് പൂട്ടിയിട്ട് അധികൃതർ, ചാടിക്കടന്ന് പെൺകുട്ടികൾ

പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചിരിച്ചെന്ന വാർത്ത തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് സർവകലാശാല ചാൻസലർ ഡോ. ആര്‍.എസ്. ബാവ വ്യക്തമാക്കി

18 Sep 2022 6:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചണ്ഡീഗഢ് സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തം; ഹോസ്റ്റൽ ​ഗെയ്റ്റ് പൂട്ടിയിട്ട് അധികൃതർ, ചാടിക്കടന്ന് പെൺകുട്ടികൾ
X

ന്യൂഡൽഹി: ചണ്ഡീഗഢ് സർവകലാശാലയിലെ വനിത ഹോസ്റ്റലിൽ നിന്നും സുഹൃത്തുക്കളുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തിൽ പ്രചരിച്ചതിനെച്ചൊല്ലി പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധം ഭയന്ന് സർവകലാശാല അധികൃതർ ഹോസ്റ്റൽ ​ഗെയ്റ്റ് പൂട്ടിയിട്ടു. കൂടുതൽ പെൺകുട്ടികൾ പ്രതിഷേധത്തിൽ പങ്കെടുക്കാതിരിക്കാനുമാണ് അധികൃതർ ​ഗെയ്റ്റ് പൂട്ടിയിട്ടത്. എന്നാൽ കൂടുതൽ പെൺകുട്ടികൾ ​ഗെയ്റ്റ് ചാടിക്കടന്ന് പ്രതിഷേധത്തിൽ അണിചേർന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പഞ്ചാബ് പൊലീസിലെ മുതിർന്ന ഓഫിസർമാരും മോഹാലി ജില്ലാ ഭരണകൂടവും പെൺകുട്ടികളെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. സംഭവത്തിൽ അറസ്റ്റിലായ ഒന്നാം വർഷ എംബിഎ വിദ്യാർത്ഥിനി അവരുടെ ദൃശ്യങ്ങൾ മാത്രമാണ് കാമുകന് അയച്ചുകൊടുത്തതെന്നാണ് പൊലീസ് പറയുന്നത്. ഇതേ വാദവുമായി സർവകലാശാല അധികൃതരും രം​ഗത്തെത്തിയിട്ടുണ്ട്. ഹോസ്റ്റലിലെ പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചിരിച്ചെന്ന വാർത്ത തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് സർവകലാശാല ചാൻസലർ ഡോ. ആര്‍.എസ്. ബാവ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ ഹോസ്റ്റലിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്ന വാർത്തയും സർവകലാശാല നിരാകരിച്ചു. അത്തരത്തിലുളള ഒരു സംഭവവും വനിത ഹോസ്റ്റലിൽ നടന്നിട്ടില്ല. പെണ്‍കുട്ടികളെ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും സർവകലാശാല ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. അറസ്റ്റിലായ പെൺകുട്ടി തന്റെ ദൃശ്യങ്ങൾ‍ മാത്രമാണ് കാമുകന് അയച്ചുകൊടുത്തത്. മറ്റ് പെൺകുട്ടികളുടെ ദൃശ്യങ്ങൾ സര്‍വകലാശാല നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്നും ചാൻസലർ പറഞ്ഞു.

സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസിൽ ഹോസ്റ്റലിലെ താമസക്കാരായ മറ്റ് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയിലാണ് ഒന്നാം വർഷ എംബിഎ വിദ്യാർത്ഥിനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടിയെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.



ഹോസ്റ്റലില്‍നിന്നുളള സ്വകാര്യ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി കഴിഞ്ഞ ദിവസമാണ് പരാതി ഉയര്‍ന്നത്. ഇതിനകം വീഡിയോ പല അശ്ലീല സൈറ്റുകളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചണ്ഡീഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയാണ് ഹോസ്റ്റലില്‍നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് വിദ്യാര്‍ഥിനികളുടെ ആരോപണം.

ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഒരു വീഡിയോ മാത്രമാണ് കണ്ടെത്തിയിട്ടുളളത്. മൊഹാലി എസ്എസ്പി വിവേക് സോണിയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിയായ പെണ്‍കുട്ടി സ്വയം ചിത്രീകരിച്ച അവരുടെ തന്നെ വീഡിയോയാണ് ലഭ്യമായിട്ടുളളതെന്നും അദ്ദേഹം വ്യക്തമാക്കി.



STORY HIGHLIGHTS: protest against chandigarh university video leak controversy

Next Story