Top

'ഒരു മാസമെങ്കിലും തരണം'; 'പ്രവാചക നിന്ദാ' കേസ് അന്വേഷണത്തില്‍ ഇളവ് ചോദിച്ച് പുറത്താക്കപ്പെട്ട ബിജെപി നേതാവ്

സുരക്ഷാ ഭീഷണിയെതുടർന്ന് കഴിഞ്ഞ ആഴ്ച്ച നവീന്‍ കുമാറും കുടുംബവും ഡൽ​ഹി വിട്ടിരുന്നു. ഭീഷണിയെ തുടർന്നാണ് താൻ ​ഹാജരാകാത്തതെന്ന് നവീന്‍ കുമാര്‍ പൊലീസിനെ അറിയിച്ചു.

15 Jun 2022 6:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു മാസമെങ്കിലും തരണം; പ്രവാചക നിന്ദാ കേസ് അന്വേഷണത്തില്‍ ഇളവ് ചോദിച്ച് പുറത്താക്കപ്പെട്ട ബിജെപി നേതാവ്
X

ന്യൂഡൽഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായി പരാമര്‍ശത്തിലെ വിവാദ ട്വീറ്റുമായി ബന്ധപ്പെട്ട കേസിലെ ബിജെപി നേതാവ് നവീൻ കുമാർ ജിന്ദല്‍ ​​ഹാജരാകാൻ ഒരു മാസത്തെ ഇളവ് ആവശ്യപ്പെട്ടു. ഭിവണ്ടി പൊലീസായിരുന്നു നവീൻ കുമാറിനോട് ​ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സമൻസ് അയച്ചത്.

വിവാദ പരാമർശത്തിൻ്റെ പേരില്‍ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് നവീന്‍ കുമാര്‍ ജിന്ദല്‍ പറഞ്ഞിരുന്നു. തന്റെ കുടുംബത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ആരും തന്റെ മേല്‍വിലാസ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കരുതെന്നും ജിന്ദല്‍ ആവശ്യപ്പെട്ടു. സുരക്ഷാ ഭീഷണിയെതുടർന്ന് കഴിഞ്ഞ ആഴ്ച്ച നവീന്‍ കുമാറും കുടുംബവും ഡൽ​ഹി വിട്ടിരുന്നു. ഭീഷണിയെ തുടർന്നാണ് താൻ ​ഹാജരാകാത്തതെന്ന് നവീന്‍ കുമാര്‍ പൊലീസിനെ അറിയിച്ചു.

'കഴിഞ്ഞ കുറച്ചു നാളുകളായി ഞാനും എൻ്റെ കുടുംബവും ഭീഷണി നേരിടുകയാണ്. എൻ്റെ കുടുംബത്തെ മുഴുവൻ കൊല്ലും എന്ന തരത്തിലുള്ള സന്ദേശം ലഭിച്ചിരുന്നു. എൻ്റെയും എൻ്റെ കുടുംബാംഗങ്ങളുടെയും ജീവനു നേരെയുള്ള ഇത്തരം ഭീഷണികൾ കാരണം ഡൽഹിയിലെ എന്റെ വസതിയിൽ നിന്ന് മഹാരാഷ്ട്രയിൽ എത്തി നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അന്വേഷണത്തിനായി ഹാജരാകാൻ എനിക്ക് കുറഞ്ഞത് ഒരു മാസത്തെ ഇളവ് അനുവദിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു'. നവീൻ കുമാർ പൊലീസിന് അയച്ച കത്തിൽ പറയുന്നു.

പ്രവാചക വിരുദ്ധ പ്രസ്താവനുടെ പേരില്‍ ജിന്ദലിനെ ബിജെപിയില്‍ നിന്നും പുറത്താക്കിയിരുന്നു. പ്രവാചകനെതിരെ പരാമര്‍ശം നടത്തിയ ബിജെപി പ്രതിനിധി നുപുര്‍ ശര്‍മ്മയെ പിന്തുണച്ച് കൊണ്ട് പോസ്റ്റ് ചെയ്ത ട്വീറ്റാണ് വിവാദത്തിലായത്. ബിജെപി ഡല്‍ഹി ഘടകം മീഡിയ ഹെഡ് ആയിരുന്നു നവീന്‍ കുമാര്‍ ജിന്ദല്‍.

STORY HIGHLIGHTS: Prophet Row: Naveen Kumar Jindal seeks a month's time from Bhiwandi Police

Next Story