Top

സായുധ സേന റിക്രൂട്ട്മെന്റിനു കാലതാമസം; രാജ്നാഥ് സിങിന് കത്തെഴുതി പ്രിയങ്ക ​ഗാന്ധി

ഒരു വശത്ത് സായുധ സേനയിൽ ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു, മറുവശത്ത് ലക്ഷക്കണക്കിന് യുവാക്കൾ കഠിനാധ്വാനം ചെയ്തിട്ടും റിക്രൂട്ട്‌മെന്റ് നടപടികള്‍ വൈകുന്നു.

29 March 2022 12:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സായുധ സേന റിക്രൂട്ട്മെന്റിനു കാലതാമസം; രാജ്നാഥ് സിങിന് കത്തെഴുതി പ്രിയങ്ക ​ഗാന്ധി
X

ഡൽഹി: സായുധസേന റിക്രൂട്ട്മെന്റിനുളള കാലതാമസം ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന് കത്തെഴുതി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. ലക്ഷക്കണക്കിന് യുവാക്കളാണ് സായുധ സേനയുടെ ഭാ​ഗമാകാൻ വേണ്ടി കഠിനാധ്വാനം ചെയ്യുന്നത്. റിക്രൂട്ട്മെന്റിനുളള കാലതാമസവും ഫലം വൈകുന്നതിലേക്കും സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഈ കത്ത് എഴുതുന്നതെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

2020 നവംബറിലാണ് വ്യോമസേനയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതിനുളള പരീക്ഷ സംഘടിപ്പിച്ചത്. അതേ മാസം തന്നെ പരീക്ഷയുടെ ഫലം പുറത്തുവിട്ടു. എല്ലാ ടെസ്റ്റുകളും പൂർത്തിയാക്കി പ്രൊവിഷണൽ സെലക്ഷൻ ലിസ്റ്റും പുറത്തുവിട്ടു. പക്ഷെ തെരഞ്ഞെടുത്തവരുടെ ലിസ്റ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും പ്രിയങ്ക കത്തിൽ ചൂണ്ടിക്കാട്ടി.

എൻറോൾമെന്റ് ലിസ്റ്റ് പുറത്തുവിടുന്നത് ഓരോ കാരണം പറഞ്ഞ് നീട്ടികൊണ്ടുപോവുകയാണ്. പ്രതിരോധ മന്ത്രി ഇടപെട്ട് എത്രയും പെട്ടെന്ന് ലിസ്റ്റ് പുറത്തുവിടണമെന്നും പ്രിയങ്ക അഭ്യാർത്ഥിച്ചു.

2021 ജൂലൈയിൽ നടന്ന വ്യോമസേനയുടെ മറ്റൊരു പരീക്ഷയുടെ ഫലവും പുറത്തുവിന്നിട്ടില്ല. ഓ​ഗസ്റ്റിൽ പുറത്തുവരേണ്ട ഫലമായിരുന്നു അത്. ഈ പരീക്ഷയുടെ ഫലവും പുറത്തുവിടണമെന്നും മറ്റ് നടപടികൾ ഉടൻ ആരംഭിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

സായുധസേനാ റിക്രൂട്ട്‌മെന്റിന് തയ്യാറെടുക്കുന്ന യുവാക്കൾ ആശങ്കയിലാണ്. സായുധ സേനയിലെ ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താൻ കാലതാമസമില്ലാതെ റിക്രൂട്ട്‌മെന്റ് നടത്തണം. എല്ലാ റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളിലും റിക്രൂട്ട്‌മെന്റ് റാലികൾ സംഘടിപ്പിക്കണമെന്നും പ്രിയങ്ക ​ഗാന്ധി ആവശ്യപ്പെട്ടു.

സായുധ സേനയിലേക്ക് ഒരുപാട് കാലങ്ങളായി പുതിയ റിക്രൂട്ട്മെന്റുകൾ നടക്കുന്നില്ല. ഇത് മൂലം അനുയോജ്യരായ യുവാക്കൾക്ക് അവരുടെ അവസരം നഷ്ടപ്പെടുകയാണ്. സായുധ സേനയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുമ്പോൾ ഉദ്യോ​ഗാർത്ഥികൾക്ക് പ്രായപരിധിയിൽ രണ്ടു വർഷത്തെ ഇളവ് നൽകണമെന്നും പ്രിയങ്ക ​ഗാന്ധി ആവശ്യപ്പെട്ടു.

സായുധസേനയിൽ 1.25 ലക്ഷം ഒഴിവുകളുണ്ടെന്ന് കേന്ദ്രം 2021 ഡിസംബറിൽ ലോ​ക്സഭയിൽ പറഞ്ഞിരുന്നു. ഒരു വശത്ത് സായുധ സേനയിൽ ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു, മറുവശത്ത് ലക്ഷക്കണക്കിന് യുവാക്കൾ കഠിനാധ്വാനം ചെയ്തിട്ടും ഫലങ്ങളും റിക്രൂട്ട്‌മെന്റ് നടപടികളും വൈകുന്നു. ഇത് മൂലം യുവാക്കൾ നിരാശരാണെന്നും പ്രിയങ്ക ​ഗാന്ധി ചൂണ്ടിക്കാട്ടി. ഉദ്യോ​ഗാർത്ഥികളുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുന്നതിന് പ്രതിരോധമന്ത്രി നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക ​ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.

STORY HIGHLIGHTS: Priyanka Gandhi write a letter to defence minister Rajnath singh

Next Story