യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയാണ് ഇരുവരെയും കര്‍ണാടക പൊലീസ് പിടികൂടിയത്.
28 July 2022 11:17 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മംഗളൂരു: സുള്ള്യയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. എസ്ഡിപിഐ നേതാവും സുള്ള്യ സവനുര്‍ സ്വദേശിയുമായ സക്കീര്‍ (29), ബെല്ലാരെ സ്വദേശി ഷഫീഖ് (27) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയാണ് ഇരുവരെയും കര്‍ണാടക പൊലീസ് പിടികൂടിയത്.
യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീണ്‍ നെട്ടാരു കഴിഞ്ഞദിവസമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 21 പേര് പൊലീസ് കസ്റ്റഡിയിലാണ്.
കേസിലെ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ കര്‍ണാടകയില്‍ പ്രതിഷേധം വ്യാപകമായിരുന്നു. ദക്ഷിണ കന്നഡ, കൊപ്പാല്‍ ജില്ലകളിലെ കൂടുതല്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബിജെപി നേതൃത്വത്തിന് കൂട്ടരാജി നല്കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
പ്രവീണ്‍ നെട്ടാരുവിന്റെ വീട് സന്ദര്‍ശിക്കാന്‍ ബിജെപി നേതാക്കളെ പ്രവര്‍ത്തകര്‍ അനുവദിച്ചിരുന്നില്ല. നേതാക്കളുടെ കാറുകള്‍ തടഞ്ഞായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധം ശക്തമാകുന്നതിനിടെ ബൊമ്മെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷവും റദ്ദാക്കി.
- TAGS:
- Yuva Morcha
- SDPI
- Karnataka