Top

'നീക്കങ്ങള്‍ വേഗത്തില്‍'; സോണിയയുമായി വീണ്ടും ചര്‍ച്ച നടത്തി പ്രശാന്ത് കിഷോര്‍, മൂന്ന് ദിവസത്തിനിടെ രണ്ടാം തവണ

കോണ്‍ഗ്രസ് ഉന്നതതല യോഗത്തില്‍ പ്രശാന്ത് കിഷോറും പങ്കെടുക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു

18 April 2022 9:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നീക്കങ്ങള്‍ വേഗത്തില്‍; സോണിയയുമായി വീണ്ടും ചര്‍ച്ച നടത്തി പ്രശാന്ത് കിഷോര്‍, മൂന്ന് ദിവസത്തിനിടെ രണ്ടാം തവണ
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രശാന്ത് കിഷോര്‍ എഐസിസി അധ്യക്ഷയെ നേരില്‍ കാണുന്നത്. തിങ്കളാഴ്ച രാത്രി വൈകിയായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രശാന്ത് കിഷോര്‍ പാര്‍ട്ടിക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു.

ഈ വര്‍ഷാവസാനം നടക്കുന്ന ഗുജറാത്ത്, ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ചര്‍ച്ചയില്‍ വിഷയമായെന്നാണ് സൂചന. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണ്ണാടക, ചത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച പദ്ധതികള്‍ വിശകലനം ചെയ്യാന്‍ ഇന്നലെ വൈകീട്ട് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. പത്ത് ജന്‍പഥില്‍ നടന്ന കോണ്‍ഗ്രസ് ഉന്നതതല യോഗത്തില്‍ പ്രശാന്ത് കിഷോറും പങ്കെടുക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഈ യോഗത്തിന് ശേഷമായിരുന്നു സോണിയാ ഗാന്ധി പ്രശാന്ത് കിഷോറുമായി നേരിട്ട് ചര്‍ച്ച നടത്തിയത്.

നേരത്തെ നടന്ന യോഗത്തില്‍ നേതാക്കളായ പ്രിയങ്ക ഗാന്ധി, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിംഗ് സുര്‍ജേവാല, കെസി വേണുഗോപാല്‍, അംബികാ സോണി എന്നിവര്‍ പങ്കെടുത്തിരുന്നു. പ്രശാന്ത് കിഷോറിന്റെ പദ്ധതി പഠിച്ച് ഈ സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന. കിഷോറിന്റെ നിര്‍ദ്ദേശങ്ങളില്‍ മറുപടി നല്‍കാന്‍ ഒരു മാസത്തെ സമയമാണ് കോണ്‍ഗ്രസ് ചോദിച്ചിരിക്കുന്നത്.

പുറത്ത് നിന്ന് തന്ത്രങ്ങള്‍ ഒരുക്കുന്നതിന് പകരം പ്രശാന്ത് പാര്‍ട്ടിയില്‍ അംഗത്വമെടുക്കണമെന്ന് എഐസിസി ഉപാധിവെച്ചിരുന്നു. 370 സീറ്റുകളിലെങ്കിലും കോണ്‍ഗ്രസ് മത്സരിക്കണമെന്ന നിര്‍ദ്ദേശമാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. ഉത്തര്‍പ്രദേശ്, ഒഡിഷ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്നും തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിലവിലെ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കണമെന്നും പ്രശാന്ത് നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു.

STORY HIGHLIGHTS: Prashant Kishor Meets Sonia Gandhi - Second Time In Three Days

Next Story