Top

ചര്‍ച്ചയ്ക്ക് അവസരം ചോദിച്ചത് പ്രശാന്ത്; രാഹുലിന്റേത് തണുത്ത പ്രതികരണം, വഴിയൊരുക്കിയത് പ്രിയങ്ക

'പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയില്‍ ചേരില്ലെന്ന് ആദ്യദിനം തന്നെ രാഹുല്‍ പ്രവചിച്ചിരുന്നു'

27 April 2022 8:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചര്‍ച്ചയ്ക്ക് അവസരം ചോദിച്ചത് പ്രശാന്ത്; രാഹുലിന്റേത് തണുത്ത പ്രതികരണം, വഴിയൊരുക്കിയത് പ്രിയങ്ക
X

ന്യൂഡല്‍ഹി: പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയില്‍ ചേരില്ലെന്ന് ആദ്യദിനം തന്നെ രാഹുല്‍ പ്രവചിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. രാഹുലിനോട് അടുത്ത പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് പാര്‍ട്ടികളുമായി വിലപേശാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രശാന്ത് കിഷോര്‍ ഉപയോഗിക്കുകയായിരുന്നുവെന്നും ചില നേതാക്കള്‍ കരുതുന്നു. നേരത്തെ പല തവണ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ട്ടിയില്‍ ചേരില്ലെന്ന് പ്രശാന്ത് കിഷോര്‍ അറിയിക്കുകയും ഇക്കാര്യം കോണ്‍ഗ്രസ് ശരിവെക്കുകയും ചെയ്തിരുന്നു.

പാര്‍ട്ടിയില്‍ വൈസ് പ്രസിഡന്റ് സ്ഥാനം അല്ലെങ്കില്‍ എഐസിസി പ്രസിഡന്റിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനം എന്നിവയില്‍ ഏതെങ്കിലും ഒന്നായിരുന്നു പ്രശാന്ത് കിഷോര്‍ ആഗ്രഹിച്ചിരുന്നത്. സോണിയാ ഗാന്ധി മുമ്പ് പ്രസിഡന്റ് ആയിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനം അഹമ്മദ് പട്ടേലായിരുന്നു വഹിച്ചിരുന്നത്. തങ്ങള്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേരുന്ന കാര്യം പ്രശാന്ത് കിഷോറിന് മുന്നില്‍ അവതരിപ്പിച്ചുവെന്നും എന്നാലത് അദ്ദേഹം നിരസിക്കുകയായിരുന്നുവെന്നും പി ചിദംബരം എന്‍ഡിടിവിയോട് പറഞ്ഞിരുന്നു.

അതേസമയം, ഇതാദ്യമായല്ല പാര്‍ട്ടിയില്‍ ചേരാന്‍ പ്രശാന്ത് കിഷോറിനോട് ആവശ്യപ്പെടുന്നതെന്നും രാഹുലിനോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. പാര്‍ട്ടിയുമായി ഇത് എട്ടാം തവണയാണ് പ്രശാന്ത് കിഷോര്‍ സംസാരിക്കുന്നത്. മുമ്പും പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്ന കാര്യം നിഷേധിച്ചതിന്റെ അനുഭവത്തിലാണ് പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കില്ലെന്ന് രാഹുല്‍ പ്രവചിച്ചതെന്ന് നേതാക്കല്‍ പറയുന്നു.

2024ലെ പാര്‍ട്ടിയുടെ തിരിച്ചുവരവിനായുള്ള പദ്ധതികള്‍ അവതരിപ്പിക്കാന്‍ നേതാക്കളുമായി ചര്‍ച്ചയ്ക്ക് അവസരം വേണമെന്ന് പ്രശാന്ത് കിഷോര്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിനോട് തണുത്ത പ്രതികരണമായിരുന്നു രാഹുല്‍ ഗാന്ധിക്ക് ഉണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് പ്രിയങ്ക ഗാന്ധി വഴിയാണ് പ്രശാന്ത് ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കിയത്.

പ്രശാന്ത് കിഷോറിന്റെ പദ്ധതികള്‍ പഠിക്കാന്‍ പ്രസിഡന്റ് സോണിയാ ഗാന്ധി നിയോഗിച്ച സമിതികളിലോ, ചര്‍ച്ചയിലോ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നില്ല. ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് അദ്ദേഹം വിദേശയാത്രയിലാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അതേസമയം, ചര്‍ച്ചകളില്‍ സജീവമായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടി പ്രസിഡന്റ് ആക്കണമെന്ന നിര്‍ദ്ദേശം പ്രശാന്ത് മുന്നോട്ട് വെച്ചതായും നേരത്തെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.

STORY HIGHLIGHTS: Prasant Kishor asked for a meeting; Rahul Gandhi cold to his overtures, insisted meeting with Priyanka Gandhi. Rahul Gandhi Predicted Prashant Kishor's Refusal On Day One.

Next Story