Top

'ഡേറ്റിംഗും വിവാഹവും കഴിഞ്ഞു, മേല്‍പ്പാലം നിര്‍മ്മാണത്തില്‍ തന്നെ'; ഹാസ്യം നിറഞ്ഞ പ്രണയകഥ വൈറല്‍

നാലായിരത്തിലധികം പേരാണ് ട്വിറ്ററില്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്യുകയും പ്രതികരിക്കുകയും ചെയ്തിട്ടുളളത്

21 Sep 2022 7:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡേറ്റിംഗും വിവാഹവും കഴിഞ്ഞു, മേല്‍പ്പാലം നിര്‍മ്മാണത്തില്‍ തന്നെ; ഹാസ്യം നിറഞ്ഞ പ്രണയകഥ വൈറല്‍
X

ബംഗളൂരു: കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ വാഹനമോടിക്കല്‍ ഏതൊരാള്‍ക്കും കഠിനവും മുഷിപ്പുമാണ്. നിരയായി വാഹനങ്ങള്‍ കുടുങ്ങികിടക്കുന്ന ട്രാഫിക് സിഗ്നലില്‍ പെട്ടാല്‍ രക്ഷപ്പെടുകയെന്നത് അത്ര എളുപ്പമല്ല. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഉണ്ടായ പ്രണയകഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്റിംഗ് ആയിരിക്കുന്നത്. ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് തന്റെ പ്രണയകഥയ്ക്ക് നര്‍മ്മപരമായ ഒരു ട്വിസ്റ്റ് ചേര്‍ത്തുകൊണ്ട് ട്വിറ്ററില്‍ പങ്കുവെച്ചത്.

തിരക്കേറിയ റോഡുകള്‍ക്കും വന്‍കിട ഐടി വ്യവസായത്തിനും പേരുകേട്ട ബംഗളൂരുവിലാണ് സംഭവം. ഇക്കാരണത്താല്‍ തന്നെ ഇവിടുത്തെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഐടി ഹബ്ബായി പ്രവര്‍ത്തിക്കുന്ന നഗരത്തിലെ നിര്‍മ്മാണ സാഹചര്യം എത്രത്തോളം പ്രതികൂലമാണെന്ന് പറഞ്ഞുവെക്കുകയാണ് ഇയാള്‍. സംഭവം നടന്ന് അഞ്ച് വര്‍ഷത്തിനിപ്പുറം തങ്ങളുടെ ഡേറ്റിംഗും വിവാഹവുമെല്ലാം കഴിഞ്ഞിട്ടും മേല്‍പ്പാല നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും ഇയാള്‍ കുറിച്ചു.

റെഡ്ഡിറ്റ് ഉപയോക്താവ് പറയുന്നതനുസരിച്ച് സോണി വേള്‍ഡ് സിഗ്നലിനോട് ചേര്‍ന്ന ട്രാഫിക് സിഗ്നലിലാണ് അദ്ദേഹം തന്റെ കാമുകിയെ കണ്ടുമുട്ടുന്നത്. ഈജിപുര മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ് സംഭവം. തന്റെ സുഹൃത്തായ യുവതിയെ വീട്ടിലേക്ക് കൊണ്ടുവിടുന്നതിനിടെ ഏറെ നേരം ഗതാഗതക്കുരുക്കില്‍പ്പെട്ട ഇരുവരും അസ്വസ്ഥരായിരുന്നു. വിശപ്പും സഹിക്കാനാവാതെ വന്നതോടെ യാത്രയ്ക്കായി മറ്റൊരു വഴി തിരഞ്ഞെടുക്കേണ്ടിവന്നു. അന്നത്തെ ദിവസം ഡിന്നറും ഇവര്‍ ഒരുമിച്ച് പ്ലാന്‍ ചെയ്തു. ആ ഒത്തുകൂടല്‍ ഒരു പ്രണയത്തിലേക്കും തുടര്‍ന്ന് വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഇതെല്ലാം സംഭവിക്കുന്നത് അഞ്ച് വര്‍ഷത്തിന് മുമ്പാണ്. എന്നാല്‍ മൂന്ന് വര്‍ഷത്തെ ഡേറ്റിംഗിന് ശേഷം ഇരുവരുടേയും വിവാഹവും കഴിഞ്ഞു. എന്നിട്ടും 2.5 കിലോ മീറ്റര്‍ വരുന്ന മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെന്നാണ് പരിഹാസം.

നാലായിരത്തിലധികം പേരാണ് ട്വിറ്ററില്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്യുകയും പ്രതികരിക്കുകയും ചെയ്തിട്ടുളളത്. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആകര്‍ഷകമായ പ്രണയകഥ കമന്റായി പങ്കുവെച്ചപ്പോള്‍ മറ്റു ചിലര്‍ ബംഗളൂരുവിലെ തിരക്കേറിയ ട്രാഫിക്കിലെ മോശം അനുഭവങ്ങള്‍ വിവരിക്കുകയും ചെയ്തു.

STORY HIGHLIGHTS: Post about a romance that blossomed in Bengaluru's traffic has gained a lot of attention

Next Story