Top

'മോഷ്ടിച്ച ആടിനെ പൊലീസുകാര്‍ വിറ്റു'; രാജസ്ഥാന്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെ യോഗത്തില്‍ എംഎല്‍എയുടെ പരാതി

രാജസ്ഥാന്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന മന്ത്രിമാരുടെ പൊതു അദാലത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എ വേദപ്രകാശ് സോളങ്കി പൊലീസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്

26 July 2022 10:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോഷ്ടിച്ച ആടിനെ പൊലീസുകാര്‍ വിറ്റു; രാജസ്ഥാന്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെ യോഗത്തില്‍ എംഎല്‍എയുടെ പരാതി
X

ജയ്പൂര്‍: മോഷ്ടിച്ച ആടിനെ 2,000 രൂപക്ക് പൊലീസുകാരന്‍ വിറ്റതായി കോണ്‍ഗ്രസ് എംഎല്‍എയുടെ ആരോപണം. സംസ്ഥാന കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന പൊതു അദാലത്തിനിടെയാണ് രസകരമായ സംഭവം നടന്നത്. സ്ഥിതിഗതികളുടെ ഗൗരവം പരിശോധിക്കാന്‍ കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന കായിക മന്ത്രി അശോക് ചന്ദന പറഞ്ഞു.

രാജസ്ഥാന്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന മന്ത്രിമാരുടെ പൊതു അദാലത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എ വേദപ്രകാശ് സോളങ്കി പൊലീസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അദ്ദേഹം തെളിവായി കായിക മന്ത്രി ചന്ദനയ്ക്ക് വീഡിയോ റെക്കോര്‍ഡിംഗുകള്‍ നല്‍കുകയും ജയ്പൂരിലെ കോട്ഖാവ്ദ പോലീസിനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു.

എം.എല്‍.എ സോളങ്കിയും ഗ്രാമവാസികളും പൊതു അദാലത്തിനിടെ പൊലീസിനെതിരെ മെമ്മോറാണ്ടം നല്‍കുകയായിരുന്നു. ജൂലൈ 22 ന് കോട്ഖാവ്ഡ പോലീസ് സ്റ്റേഷനില്‍ ആട് മോഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് ആടിനെ കണ്ടെത്തിയെങ്കിലും പോലീസുകാരുടെ ഒത്താശയോടെ ഒരാള്‍ക്ക് വില്‍ക്കുകയായിരുന്നു. ഇതിന് പൂര്‍ണ്ണമായ തെളിവുകളുണ്ട്. 2000 രൂപയ്ക്ക് പൊലീസുകാര്‍ ആടിനെ വിറ്റെന്നാണ് മെമ്മോറാണ്ടത്തില്‍ പറയുന്നത്.

'കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ നല്ല പൊലീസുകാരെ നിയമിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരിങ്കല്ല് മാഫിയക്കും ഭൂമാഫിയയ്ക്കും എതിരെ നടപടികള്‍ എടുക്കാന്‍ പൊലീസിന് സമയമില്ല.' സംഭവത്തില്‍ നടപടിയെടുക്കാന്‍ കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ചന്ദന പറഞ്ഞു.

Story highlights: 'Police sold stolen goat'; Complaint of MLA in meeting at Rajasthan Congress headquarters

Next Story