Top

ഉമർ ഖാലിദിനെ വിലങ്ങണിയിച്ച് പൊലീസ്, അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട് കോടതി; വിശദീകരണം തേടി

ഡൽഹി കലാപവുമായി ബന്ധപ്പെട്ട എഫ്‌ഐആർ 59/2020 സംബന്ധിച്ച കേസ് പരിഗണിക്കുവാനായാണ് ജഡ്ജി അമിതാഭ് റാവത്തിന്റെ കോടതി മുറിയിൽ ഖാലിദിനെ വിലങ്ങുകളോടെ ഹാജരാക്കിയത്

18 Feb 2022 8:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉമർ ഖാലിദിനെ വിലങ്ങണിയിച്ച് പൊലീസ്, അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട് കോടതി; വിശദീകരണം തേടി
X

2020ലെ ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തി ജയിലിലടച്ച ഉമർ ഖാലിദിനെ ഉത്തരവ് ലംഘിച്ച് പൊലീസ് വീണ്ടും വിലങ്ങണിയിച്ച് ഡൽഹി കോടതിയിൽ ഹാജരാക്കി. കേസിന്റെ വിചാരണക്കായി ഉമറിനെ ഹാജരാക്കിയപ്പോഴായിരുന്നു കോടതിയുടെ ഉത്തരവ് ലംഘിച്ച പൊലിസ് നടപടി. സംഭവത്തിൽ ഡയറക്ടർ ജനറലിലോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട എഫ്‌ഐആർ 59/2020 സംബന്ധിച്ച കേസ് പരിഗണിക്കുവാനായാണ് ജഡ്ജി അമിതാഭ് റാവത്തിന്റെ കോടതി മുറിയിൽ ഖാലിദിനെ വിലങ്ങുകളോടെ ഹാജരാക്കിയത്. എന്നാൽ ജഡ്ജി റാവത്ത് അന്നേദിവസം രാവിലെ അവധിയിലായിരുന്നു. ‌പിന്നാലെ വിലങ്ങുകളില്ലാതെ ഖാലിദിനെ കോടതിയിൽ ഹാജരാക്കണമെന്ന ജുഡീഷ്യൽ ഉത്തരവ് ലംഘിച്ചതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഖാലിദിന്റെ അഭിഭാഷകൻ ഹർജി നൽകി. അന്ന് തന്നെ ജഡ്ജി റാവത്ത് അന്വേഷണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.

മേൽപ്പറഞ്ഞ സാഹചര്യങ്ങളും പ്രശ്നത്തിന്റെ ഗൗരവവും കണക്കിലെടുത്ത്, വീഴ്ചകൾ എന്തെങ്കിലും ഉണ്ടെങ്കിൽ, ഡൽഹി പൊലീസ് കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് കോടതി വ്യക്തമാക്കി. കുറ്റാരോപിതനായ ഉമർ ഖാലിദിനെ കൈവിലങ്ങിൽ കൊണ്ടുവന്നിട്ടുണ്ടോ എന്നും അങ്ങനെയെങ്കിൽ എന്തടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡിജിപി മുഖേന അന്വേഷണത്തിന് നടത്തിയതിന് ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

നേരത്തെ, 2021 മെയ് 6 ലെ ഉത്തരവിൽ, കർകർദൂമ കോടതി അഡീഷണൽ സെഷൻസ് ജഡ്ജി വിനോദ് യാദവ്, ഖാലിദിനെ കൈവിലങ്ങിൽ കോടതിയിൽ ഹാജരാക്കുന്നതിൽ നിന്ന് ഡൽഹി പൊലീസിനെ വിലക്കിയിരുന്നു. ഒടുവിലായി, 2022 ജനുവരി 17 ലെ ഉത്തരവിൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പങ്കജ് ശർമ്മയും, ഖാലിദിനെ കൈവിലങ്ങുകളോടെ കോടതിയിൽ ഹാജരാക്കരുതെന്ന് ഉത്തരവിട്ടിരുന്നു.

Story Highlights: Umar produced in court in handcuffs; court sought an explanation

Next Story