മധ്യപ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന ആസ്ഥാനത്തേക്ക് മുന്നറിയിപ്പില്ലാതെയെത്തി പൊലീസ്; നീക്കം മോഹന്‍ഭാഗവതിന് ദേശീയ പതാക നല്‍കാനിരിക്കേ
ഇന്ന് ഉച്ചയോടെയാണ് മധ്യപ്രദേശിലെ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ ഇന്ദിരാഭവനിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ.
6 Aug 2022 10:54 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഭോപ്പാൽ: യാതാരു മുന്നറിയിപ്പുമില്ലാതെ മധ്യപ്രദേശിലെ കോൺഗ്രസ് പാർട്ടിയുടെ ഇന്ദിരാഗാന്ധി ഭവനിലെത്തി ഭോപ്പാൽ പൊലീസ്. 'ആസാദി കാ മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമായുള്ള 'ഹർ ഘർ തിരംഗ' പരിപാടിയെച്ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് പൊലീസ് ഇന്ദിരാഗാന്ധി ഭവനിലെത്തിയത്.
കോൺഗ്രസിന്റെ മീഡിയാ വിഭാഗം സംഗീത ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘം ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന് ത്രിവർണ പതാക കൈമാറാൻ ഇന്ദിരാഗാന്ധി ഭവനിൽ നിന്ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് പൊലീസ് കോൺഗ്രസിന്റെ ഓഫീസിലെത്തിയത്. ഇന്ന് ഉച്ചയോടെയാണ് മധ്യപ്രദേശിലെ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ ഇന്ദിരാഭവനിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ.
വിദേശത്തുള്ള ഹിന്ദുക്കളിൽ ഭാരതീയ മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടി ആർഎസ്എസ് സംഘടിപ്പിക്കുന്ന വിശ്വസംഘ് ശിക്ഷാ വർഗിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് മോഹൻ ഭഗവത് ഭോപ്പാലിലെത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ അദ്ദേഹത്തിന് ദേശീയ പതാക കൈമാറുമെന്ന് മധ്യപ്രദേശിലെ കോൺഗ്രസ് ഘടകം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി കോൺഗ്രസ് നേതാക്കൾ പോകുന്നതിനിടയിലാണ് ഇന്ദിരാഗാന്ധി ഭവനിലേക്ക് പൊലീസ് മുന്നറിയിപ്പുമില്ലാതെ എത്തിയത്. ഈ വിഷയത്തിൽ ഭോപ്പാൽ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Story highlights: Police in Madhya Pradesh state headquarters without warning; The move is to give the national flag to Mohan Bhagwat