ബിഎംഡബ്ല്യുവിൽ എത്തി G20ക്കായി അലങ്കരിച്ചിരുന്ന ചെടിച്ചട്ടികൾ മോഷ്ടിച്ചു; യുവാക്കളെ പൊക്കി പൊലീസ്
ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഛത്രപതി സ്‌ക്വയർ മുതൽ ഹോട്ടൽ റാഡിസൺ ബ്ലൂ വരെയുള്ള റോഡ് ഡിവൈഡറിൽ സിവിൽ ഉദ്യോഗസ്ഥരാണ് ചെടിച്ചട്ടികൾ നട്ടുപിടിപ്പിച്ചത്
18 March 2023 1:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാഗ്പൂർ: ജി 20 മീറ്റിംഗുകൾക്കായി അലങ്കരിച്ചിരുന്ന ചെടിച്ചട്ടികൾ മോഷ്ടിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. അലങ്കാരത്തിനായി റോഡിൽ വെച്ചിരുന്ന ചെടിച്ചട്ടികളാണ് ഇവർ മോഷ്ടിച്ചത്. പ്രതികൾ ബിഎംഡബ്ല്യു കാറിൽ എത്തി ചെടിച്ചട്ടികൾ കൊണ്ടുപോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
25ഉം, 22ഉം വയസ്സുള്ള നാഗ്പൂർ സ്വദേശികളാണ് മോഷണത്തിന് പിന്നിലെന്ന് റാണാ പ്രതാപ് നഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ മങ്കേഷ് കാലെ പറഞ്ഞു. ജി 20 മീറ്റിംഗുകൾക്കുള്ള പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതിനുളള ക്രമീകരണങ്ങളുടെ ഭാഗമായി അലങ്കരിച്ചതായിരുന്നു ചെടിച്ചട്ടികൾ. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഛത്രപതി സ്‌ക്വയർ മുതൽ ഹോട്ടൽ റാഡിസൺ ബ്ലൂ വരെയുള്ള റോഡ് ഡിവൈഡറിൽ സിവിൽ ഉദ്യോഗസ്ഥരാണ് ചെടിച്ചട്ടികൾ നട്ടുപിടിപ്പിച്ചത്.
മാർച്ച് 20 മുതൽ 22 വരെ നഗരം ജി 20 മീറ്റിംഗുകൾക്ക് ആതിഥേയത്വം വഹിക്കും. ബുധനാഴ്ച രാത്രി ബിഎംഡബ്ല്യു കാറിൽ എത്തിയ പ്രതികൾ മൂന്ന് ചെടികൾ മോഷ്ടിച്ച് കൊണ്ടുപോവുന്നതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വീഡിയോ വൈറലായതോടെ പ്രതികൾക്കെതിരെ മോഷണത്തിനും പൊതുമുതൽ നശിപ്പിക്കലിനും പൊലീസ് കേസെടുത്തു. ദൃശ്യങ്ങളിൽ നിന്നാണ് കാറും ഇതിനുണ്ടായിരുന്ന പ്രതികളെയും തിരിച്ചറിഞ്ഞത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
STORY HIGHLIGHTS: police arrested two youth who steal potted plants kept on nagpur road as g20 decoration