Top

യുക്രെയ്ന്‍ രക്ഷാദൗത്യം: വിദേശകാര്യമന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മോദിക്ക് അതൃപ്തി

'യുക്രെയ്‌നില്‍ കുടുങ്ങിപ്പോയവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ല'

13 March 2022 1:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുക്രെയ്ന്‍ രക്ഷാദൗത്യം: വിദേശകാര്യമന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മോദിക്ക് അതൃപ്തി
X

ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശമുണ്ടായ സാഹചര്യത്തില്‍ കേന്ദ്രം ആരംഭിച്ച രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രിക്ക് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും രക്ഷാദൗത്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആശയവിനിമയം നടത്താത്തതാണ് മോദിയുടെ അതൃപ്തിയ്ക്ക് ഇടയാക്കിയത്. യുക്രെയ്‌നില്‍ കുടുങ്ങിപ്പോയവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെന്നും പല നിര്‍ദ്ദേശങ്ങളും വ്യക്തമായിരുന്നില്ലെന്നും പ്രധാനമന്ത്രിയ്ക്ക് അതൃപ്തയുണ്ട്.

തുടക്കത്തില്‍ തന്നെ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അവിശ്വാസമുണ്ടായിരുന്ന മോദി, ക്യാബിനറ്റ് സുരക്ഷാ സമിതി മീറ്റിങ്ങില്‍ അതില്‍ അംഗങ്ങളല്ലാതിരുന്ന കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലിനേയും ഹര്‍ദീപ് പുരിയേയും അയച്ചുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ വിദേശകാര്യമന്ത്രാലയവുമായി ബന്ധമില്ലാത്ത നാല് മന്ത്രിമാരെയാണ് യുക്രെയ്ന്‍ അതിര്‍ത്തിയില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ അയച്ചത്. ഇത് പ്രധാനമന്ത്രിയുടെ ഇടപെടലിന്റെ ഭാഗമായാണെന്നും മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മോദിക്ക് വിശ്വാസമില്ലാത്തതിനാലാണ് എന്നുമാണ് വിവരം. മന്ത്രാലയത്തിലെ മൂന്ന് മന്ത്രിമാരെയും പോകാന്‍ അനുവദിക്കാതെ ഹര്‍ദീപ് സിംഗ് പുരി. ജ്യോതിരാദിത്യ സിന്ധ്യ, വികെ സിംഗ്, കിരണ്‍ റിജ്ജു എന്നിവരെയായിരുന്നു രക്ഷാദൗത്യത്തിന്റെ ഏകോപനത്തിനായി അയച്ചത്.

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ ഓപ്പറേഷന്‍ ഗംഗ എന്ന പേരിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ രക്ഷാദൗത്യം പ്രഖ്യാപിച്ചത്. ഓപ്പറേഷന്റെ ഭാഗമായി ഏതാണ്ട് 20,000ത്തോളം ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിച്ചുവെന്നാണ് കേന്ദ്രത്തിന്റെ കണക്കുകള്‍. കിഴക്കന്‍ യൂറോപ്പിലുള്ള ഇന്ത്യന്‍ എംബസികളും വിദേശകാര്യമന്ത്രാലയവും കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് രക്ഷാദൗത്യം നടത്തിയതെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ എസ് ജയശങ്കറാണ് വിദേശകാര്യമന്ത്രി. ഇദ്ദേഹത്തിന് പുറമേ, മീനാക്ഷി ലേഖി, വി മുരളീധരന്‍ എന്നിവര്‍ സഹമന്ത്രിമാരാണ്.

STORY HIGHLIGHTS: PM Narendra Modi was upset with the Ministry of External Affairs on Operation Ganga

Next Story