Top

രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്ന് രാഹുല്‍ ഗാന്ധി; 'ബിജെപിയും ആര്‍എസ്എസും ഭയം വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നു'

4 Sep 2022 9:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്ന് രാഹുല്‍ ഗാന്ധി; ബിജെപിയും ആര്‍എസ്എസും  ഭയം വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നു
X

ന്യൂഡൽഹി: രാജ്യത്തെ പുരോഗതിയുടെ പാതയിൽ കൊണ്ടുവരാൻ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിന് കഴിയുമെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ, ചൈന ആക്രമണം, വിലക്കയറ്റം എന്നിവയെക്കുറിച്ച് സംസാരിക്കാനാണ് കോൺ​ഗ്രസ് ആഗ്രഹിക്കുന്നത്. എന്നാൽ വേണ്ടെന്ന് വെക്കുകയാണ്. കാരണം ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷൻ, മാധ്യമങ്ങൾ എന്നിവയെല്ലാം കടുത്ത സമ്മ‍ർദത്തിലാണ്. ഞങ്ങൾക്ക് ജനങ്ങളിലേക്ക് ഇറങ്ങുക എന്നതാണ് ഏക പോംവഴി. അതിനാൽ കോൺഗ്രസ് ഭാരത് ജോഡോ യാത്ര ആരംഭിക്കും. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് ബിജെപിയെയും ആർഎസ്എസിനെയും പരാജയപ്പെടുത്തും. വിലക്കയറ്റത്തിനെതിരെ രാംലീല മൈതാനിയിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന 'ഹല്ലാ ബോൽ' റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാജ്യത്തെ വിഭജിക്കണമെന്നും അതിൽ നിന്നുള്ള ലാഭം കുറച്ച് വ്യവസായികൾക്കിടയിൽ പങ്കിടണമെന്നതാണ് നരേന്ദ്ര മോദിയുടെ പ്രത്യയശാസ്ത്രം.മോദി സർക്കാരിന്റെ നയങ്ങൾ രണ്ട് വൻകിട വ്യവസായികൾക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്. അവരുടെ പിന്തുണയില്ലാതെ മോദിക്ക് പ്രധാനമന്ത്രിയാകാൻ സാധിക്കില്ലെന്നും രാഹുൽ പറഞ്ഞു. 'ബിജെപിയും ആർഎസ്എസും രാജ്യത്തെ വിഭജിക്കുന്നു. അവർ ഭയം വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ഈ ഭയത്തിന്റെ പ്രയോജനം ലഭിക്കുന്നത് ആർക്കാണ്? പാവപ്പെട്ടവർ, കർഷകർ, ചെറുകിട കച്ചവടക്കാർ ഇവരിൽ ആർക്കെങ്കിലുമാണോ മോദി സർക്കാരിൽനിന്ന് പ്രയോജനം ലഭിക്കുന്നത്? വെറുപ്പിന്റേയും ഭയത്തിന്റേയും ഗുണം ലഭിക്കുന്നത് രണ്ട് കോർപ്പറേറ്റുകൾക്ക് മാത്രമാണ്', രാഹുൽ പറഞ്ഞു.

'നരേന്ദ്ര മോദിയും ബിജെപിയും രാജ്യത്തെ ദുർബലപ്പെടുത്തുകയാണ്. വിലക്കയറ്റവും വിദ്വേഷവും രാജ്യത്തെ ശക്തിപ്പെടുത്തുന്നുണ്ടോ എന്നാണ് എന്റെ ചോദ്യം. കോൺഗ്രസ് പാർട്ടി രാജ്യത്തെ ഒന്നിപ്പിക്കുന്നു. ഞങ്ങൾ വിദ്വേഷം ഇല്ലാതാക്കുന്നു, വിദ്വേഷം ഇല്ലാതാക്കുമ്പോൾ രാജ്യം അതിവേഗം നീങ്ങുന്നു. വർഷങ്ങളായി കോൺ​ഗ്രസ് ഇതാണ് ചെയ്യുന്നത്. രാജ്യത്തെ രക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കുമെന്നാണ് എനിക്ക് കോൺ​ഗ്രസ് പ്രവ‍ത്തകരോട് പറയാനുളളത്', രാഹുൽ പറഞ്ഞു.

'എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെയും അവരുടെ ചോദ്യം ചെയ്യലിനെയും തനിക്ക് ഭയമില്ല. ഇഡിയുടെ 55 മണിക്കൂർ ചോദ്യം ചെയ്യലാണ് നേരിട്ടത്. എന്നാൽ അത് 55 മണിക്കൂറോ അഞ്ച് മാസമോ അഞ്ച് വർഷമോ ആകട്ടെ, നിങ്ങളുടെ 'പിഎം മോദിയുടെ' ഇഡിയെ ഞാൻ ഭയപ്പെടുന്നില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ അദ്ദേഹം രാജ്യത്തെ പരമാവധി ദുർബലപ്പെടുത്തി. ഇതിൽ നമ്മുടെ രാജ്യത്തിനല്ല നേട്ടം മറിച്ച് പാക്കിസ്ഥാനും ചൈനക്കുമാകും സഹായമാവുക. വെറുപ്പും വിദ്വേഷവും പടർത്തി ആളുകൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്നു. കോൺഗ്രസ് രാജ്യം ഭരിക്കുന്ന കാലയളവിലൊന്നും ഇല്ലാത്ത പ്രയാസത്തിലാണ് സാധാരണ ജനങ്ങൾ. കർഷകരുടെ പ്രശ്‌നമായാലും അതിർത്തിയിൽ ചൈനയുമായുള്ള പ്രശ്‌നമായാലും. രാജ്യം ഏറെ പ്രതിസന്ധി നേരിടുന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

STORY HIGHLIGHTS: PM Modi still thanks to media and two businessmen, says Rahul Gandhi

Next Story