Top

മേധാ പട്കറിനൊപ്പം രാഹുലിന്റെ പദയാത്ര; വിമർശിച്ച് മോദി

20 Nov 2022 12:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മേധാ പട്കറിനൊപ്പം രാഹുലിന്റെ പദയാത്ര; വിമർശിച്ച് മോദി
X

ഗാന്ധിനഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സാമൂഹിക പ്രവർത്തക മേധാ പടക്ർ പങ്കെടുത്തതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രേ മോദി. 'മൂന്ന് പതിറ്റാണ്ടായി നർമ്മദാ അണക്കെട്ട് പദ്ധതിക്ക് തടസമുണ്ടാക്കുന്ന ഒരു സ്ത്രീക്കൊപ്പം ഒരു കോൺഗ്രസ് നേതാവ് പദയാത്ര നടത്തുന്നത് കണ്ടുവെന്നായിരുന്നു മോദിയുടെ വിമർശനം. ഗുജറാത്തിലെ ധോരാജിയിലെ പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയായിരുന്നു മോദിയുടെ വിമർശനം.

വോട്ട് ചോദിക്കാനെത്തുമ്പോൾ നർമ്മദാ അണക്കെട്ട് പദ്ധതിക്ക് എതിരായവരുടെ തോളിൽ കൈയിട്ടാണ് പദയാത്ര നടത്തിയതെന്ന് കോൺഗ്രസിനോട് ചോദിക്കൂവെന്നും മോദി ജനത്തിനോട് ആഹ്വാനം ചെയ്തു. രാഹുൽ ഗാന്ധിയെ പേരെടുത്ത് പറയാതെയായിരുന്നു മോദിയുടെ വിമർശനം. നവംബർ 17 നാണ് മഹാരാഷ്ട്രയിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ മേധാ പട്കർ പങ്കുചേർന്നത്. രാഹുൽ ഗാന്ധി മേധാ പട്കറുമായി സംസാരിക്കുന്ന ഫോട്ടോകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

യാത്രയിലെ മേധാ പട്കറുടെ സാന്നിധ്യത്തെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചോദ്യം ചെയ്തിരുന്നു. 'കോൺഗ്രസും രാഹുൽ ഗാന്ധിയും ഗുജറാത്തിനോടുള്ള വിരോധം വീണ്ടും വീണ്ടും കാണിക്കുന്നു. മേധാ പട്കറിന് തന്റെ യാത്രയിൽ സ്ഥാനം നൽകുന്നതിലൂടെ, പതിറ്റാണ്ടുകളായി ഗുജറാത്തികൾക്ക് വെള്ളം നിഷേധിച്ചവരുടെ കൂടെ നിന്നുകൊണ്ട് രാഹുൽ ഗാന്ധി ഗുജറാത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി നിലകൊള്ളുന്നു,' ഭൂപേന്ദ്ര പട്ടേൽ ട്വീറ്റ് ചെയ്തു.

STORY HIGHLIGHTS: PM Modi slams Rahul Gandhi for walking with Medha Patkar

Next Story