Top

'ഇന്ധന വിലയില്‍ വന്‍ വര്‍ധനവുണ്ടായി, പ്രത്യാഘാതം കൂടുതല്‍ ദരിദ്രരാജ്യങ്ങളില്‍'; റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ എല്ലാവരും നഷ്ടമനുഭവിക്കുന്നുവെന്ന് പ്രധാനമന്ത്രി

'യുദ്ധത്തില്‍ ഇരു വിഭാഗങ്ങള്‍ക്കും വിജയിക്കാന്‍ കഴിയില്ല'

2 May 2022 8:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ധന വിലയില്‍ വന്‍ വര്‍ധനവുണ്ടായി, പ്രത്യാഘാതം കൂടുതല്‍ ദരിദ്രരാജ്യങ്ങളില്‍; റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ എല്ലാവരും നഷ്ടമനുഭവിക്കുന്നുവെന്ന് പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: റഷ്യ യുക്രെയ്ന്‍ യുദ്ധത്തില്‍ ഇരു വിഭാഗങ്ങള്‍ക്കും വിജയിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ദരിദ്ര രാജ്യങ്ങളേയും വികസ്വര രാജ്യങ്ങളേയും മോശമായി ബാധിച്ചിട്ടുണ്ടെന്നും ജര്‍മന്‍ ചാന്‍സിലര്‍ ഒലാഫ് ഷോള്‍സുമായി ചേര്‍ന്ന നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ബെര്‍ലിനില്‍ നടന്ന ഇന്ത്യ- ജര്‍മ്മന്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഇരുവരുടേയും സംയുക്ത വാര്‍ത്താ സമ്മേളനം. സംഘര്‍ഷത്തിന്റെ ആരംഭം മുതല്‍ തന്നെ വെടിനിര്‍ത്താന്‍ ഇരുരാജ്യങ്ങളും തയ്യാറാവണമെന്നും ഉഭയകക്ഷി സംഭാഷണങ്ങളിലൂടെ മാത്രമേ പ്രശ്‌നപരിഹാരം കാണാന്‍ കഴിയൂവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. യുദ്ധമൂലമുണ്ടായ മാനുഷിക നഷ്ടങ്ങളെക്കുറിച്ചു രാജ്യം ആകുലപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'യുദ്ധം മൂലം എല്ലാവര്‍ക്കും നഷ്ടങ്ങളുണ്ടാകും. ഞങ്ങള്‍ സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. യുദ്ധത്തെത്തുര്‍ന്ന് ഇന്ധന വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായി. ഭക്ഷ്യ ധാന്യങ്ങളുടേയും വളങ്ങളുടേയും ലഭ്യതയില്‍ വന്‍കുറവുണ്ടായി. ലോകത്തെ ഓരോ കുടുംബത്തിന് മേലിലും യുദ്ധം ഭാരമേല്‍പ്പിച്ചിട്ടുണ്ട്. ദരിദ്ര രാജ്യങ്ങളിലാണ് ഇതിന്റെ പ്രത്യാഘാതമേറയും', അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിലെവിടെയും റഷ്യയുടെ പേരെടുത്ത് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍, അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങളെ റഷ്യ ലംഘിച്ചുവെന്ന് ഒലാഫ് ഷോള്‍സ് ചൂണ്ടിക്കാട്ടി. യുക്രെയ്‌നില്‍ നിന്നും തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യ തയ്യാറാവണമെന്ന് ഷോള്‍സ് വ്‌ലാഡിമിര്‍ പുടിനോട് ആവശ്യപ്പെട്ടു.


STORY HIGHLIGHTS: PM Modi renews call to end Russia-Ukraine war says no country will be a winner

Next Story