Top

താജ് മഹലിലെ 22 മുറികളും തുറക്കണമെന്ന് ഹർജി; ചരിത്രത്തിന്റെ നിജസ്ഥിതിയറിയാൻ ആകാംഷയുണ്ടെന്ന് ഹർജിക്കാരൻ

നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് താജ് മഹൽ

8 May 2022 8:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താജ് മഹലിലെ 22 മുറികളും തുറക്കണമെന്ന് ഹർജി; ചരിത്രത്തിന്റെ നിജസ്ഥിതിയറിയാൻ ആകാംഷയുണ്ടെന്ന് ഹർജിക്കാരൻ
X

ലഖ്നൗ: താജ് മഹലിന്റെ 22 മുറികളും തുറക്കണമെന്നും, ചരിത്ര നിർമിതിയുടെ നിജസ്ഥിതി അറിയണമെന്നും കോടതിയിൽ ഹർജി. അലഹബാദ് ഹെെക്കോടതിയിലാണ് സത്യമെന്ത് തന്നെയായാലും താജ് മഹലിന്റെ 22 മുറികളും തുറക്കണമെന്ന ഹർജി എത്തിയത്. ബിജെപിയുടെ അയോധ്യ യൂണിറ്റ് മീഡിയ ഇൻ ചാർജായ രജനീഷ് സിം​ഗാണ് റിട്ട് ഹർജിയുമായി ലഖ്നൗ ബെഞ്ചിനെ സമീപിച്ചത്.

ചരിത്ര സ്മാരകത്തിന്റെ അടഞ്ഞുകിടക്കുന്ന 22 മുറികളും തുറക്കണമെന്നും, സത്യമെന്ത് തന്നെയായാലും അത് കാണാൻ കഴിയണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് രജനീഷ് സിം​ഗ് മാധ്യമങ്ങളോട് പറഞ്ഞു. റാം പ്രകാശ് ശുക്ല, രുദ്ര വിക്രം സിം​ഗ് തുടങ്ങിയ തന്റെ അഭിഭാഷകർ വഴിയാണ് രജനീഷ് ഹർജി സമർപ്പിച്ചിരിക്കുന്നത്. രജിസ്ട്രി പാസാക്കിയ ശേഷം ഹർജിയിൽ കോടതി വാദം കേൾക്കും.

താജ് മഹൽ, ഫത്തേപൂർ സിക്രി, ആ​ഗ്ര ഫോർട്ട്, ഇത്തിമാദു ദൗളയുടെ ശവകുടീരം തുടങ്ങിയ ചരിത്ര സ്മാരകങ്ങൾക്ക് ദേശീയ പ്രാതിനിധ്യ പ്രഖ്യാപനത്തിന്റെ പിൻബലമുള്ള 1951ലെ നിയമത്തിന്റെയും, 1958 ലെ ആൻഷ്യന്റ് മോനുമെന്റ്സ് ആന്റ് ആർക്കിയോളജിക്കൽ സെെറ്റ്സ് ആന്റ് റിമെെൻസിന്റെയും പരിരക്ഷ എടുത്തുകളയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് താജ് മഹൽ.

എന്നാൽ, താജ് മഹൽ മുൻകാലത്ത് ശിവക്ഷേത്രമായിരുന്നു എന്നാണ് ചില വലതുപക്ഷ സംഘടനകളുടെ വാദം.

Story Highlights: In order to know the history, open 22 rooms in Taj Mahal; plea filed in High court

Next Story