Top

'പോപ്പുലര്‍ ഫ്രണ്ടിന് അവസാനമുണ്ടാകും'; നിരോധിക്കുമെന്ന സൂചന നല്‍കി കേന്ദ്രമന്ത്രി

'ചില വിഭാഗങ്ങൾക്കു നേരെ ആക്രമണം നടത്തുന്ന സംഘടനയാണ് പി എഫ് ഐ എന്ന് അവർ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു'

23 Sep 2022 12:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോപ്പുലര്‍ ഫ്രണ്ടിന് അവസാനമുണ്ടാകും; നിരോധിക്കുമെന്ന സൂചന നല്‍കി കേന്ദ്രമന്ത്രി
X

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ രാജ്യത്ത് നിരോധിക്കുമെന്ന സൂചന നൽകി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ആക്രമണം നടത്തുന്ന സംഘടനയാണ് തങ്ങളെന്ന് അവർ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊരു അവസാനമുണ്ടാകുമെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.

'ആക്രമണങ്ങളിലൂടെ ഇന്ത്യയെ ഭയപ്പെടുത്താമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ തെറ്റി. ചില വിഭാഗങ്ങൾക്കു നേരെ ആക്രമണം നടത്തുന്ന സംഘടനയാണ് പി എഫ് ഐ എന്ന് അവർ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു. അത് നിലനിൽക്കില്ല. അതിന് അവസാനമുണ്ടാകും. ഇത് ആധുനിക ഇന്ത്യയാണ്.' എന്ന് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമെന്ന് പറഞ്ഞിരുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുളള നടപടികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞെന്ന് കർണാടക ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പിഎഫ്ഐക്കെതിരെ രം​ഗത്തുവന്നു. ഭീകരവാദ സംഘടനകൾക്ക് പ്രവർത്തനാനുമതി നിഷേധിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നുണ്ട്. എൻ ഐ ഐ അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും സംഘടനയുടെ ആവശ്യപ്രകാരമല്ല പോപ്പുലർ ഫ്രണ്ടിനെതിരെയുളള നടപടി. കേന്ദ്രസർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ എൻഐഎ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും റിപ്പോർട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന് തീവ്രവാദ ബന്ധമുണ്ടെന്നാണ് എൻഐഎ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. രാജ്യ വിരുദ്ധ പ്രവർത്തനത്തിന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ പ്രവർത്തകരെ പ്രേരിപ്പിച്ചുവെന്നും അൽഖ്വയ്ദ, ലഷ്‌കർ ഇ തെയ്ബ, ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളിൽ ചേരാൻ പ്രചോദനം നൽകിയെന്നതടക്കമുളള ഗുരുതര ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുളളത്.

റെയ്ഡിൽ നേതാക്കളുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കണമെന്ന ആവശ്യവും എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെ ഉന്നത ഗൂഢാലോചന വ്യക്തമാകുമെന്ന കാര്യവും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യുഎപിഎയിലെ വിവിധ വകുപ്പുകളും ഗൂഢാലോചന വകുപ്പും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്.



STORY HIGHLIGHTS: PFI will not prevail Says Rajeev Chandrasekhar

Next Story