Top

ശരദ് പവാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ല, പ്രതിപക്ഷ ഐക്യമാണ് പ്രധാനം; എന്‍സിപി ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍

11 Sep 2022 2:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശരദ് പവാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ല, പ്രതിപക്ഷ ഐക്യമാണ് പ്രധാനം; എന്‍സിപി ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍
X

ന്യൂഡല്‍ഹി: ശരദ് പവാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്നും പ്രതിപക്ഷ ഐക്യമാണ് പ്രധാനമെന്ന് എന്‍സിപി(നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി )ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍. പല ശക്തികളെയും കൂട്ടിച്ചേര്‍ക്കാനുള്ള പ്രധാന 'റോള്‍' ആവും പവാറിനുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിനു ശേഷമായിരുന്നു പ്രഫുല്‍ പട്ടേലിന്റെ പരാമര്‍ശം.

'ശരദ് പവാര്‍ ഒരിക്കലും പ്രധാനമന്ത്രി ആവില്ല. അദ്ദേഹം രാജ്യത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ കുറിച്ചു മാത്രമേ സംസാരിക്കാറുള്ളൂ. ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരുടെ താല്പര്യം മുന്നോട്ട് വച്ചിരുന്നെങ്കിലും അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു പറ്റിയ മുഖമല്ല. ഞങ്ങള്‍ക്കു പരിമിതികളെ കുറിച്ചു നന്നായി അറിയാം. എന്നാല്‍ പവാറിന് പ്രധാനപ്പെട്ട ഒരു റോള്‍ ആണുള്ളതെന്നും' പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ എന്‍സിപി നിര്‍ണായക പങ്ക് വഹിക്കുമെന്നും പട്ടേല്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം ഒന്നിക്കേണ്ടതുണ്ട് എന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്. ഞങ്ങളും യുപിഎ സര്‍ക്കാരിന്റെ ഭാഗമായിരുന്നു. കോണ്‍ഗ്രസുമായി ഒരു പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച നടന്ന പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ ശരദ് പവാറിനെ എന്‍സിപിയുടെ പ്രസിഡന്റായി വീണ്ടും എതിരില്ലാതെ തെരഞ്ഞടുത്തു.

പ്രതിപക്ഷ ഐക്യത്തിനെ കുറിച്ചു സംസാരിക്കാനായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഡല്‍ഹിയിലെത്തിയിരുന്നു. രാഹുല്‍ ഗാന്ധി, എന്‍സിപി നേതാവ് ശരദ് പവാര്‍, സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐയുടെ ഡി. രാജ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സോണിയ ഗാന്ധിയെ കൂടി അദ്ദേഹം കാണാനിടയുണ്ട്. ആര്‍ജെഡി നേതാവ് ലാലു പ്രസാദ്, ടിആര്‍എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖര്‍ റാവു എന്നിവരുമായും കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു

നിതീഷ് കുമാര്‍ ഔദ്യോഗികമായി പ്രധാനമന്ത്രി സ്ഥാനത്തിനായുള്ള ആഗ്രഹം നിഷേധിച്ചെങ്കിലും പ്രധാനമന്ത്രി കസേരയാണ് ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരൂപകര്‍ കരുതുന്നത്. എന്നിരുന്നാലും, ഏറ്റവും വലിയ പ്രതിബന്ധം കോണ്‍ഗ്രസാണ് അതിനാലാണ് ഒരു കൂട്ടായ സഖ്യത്തിന് ശ്രമിക്കുന്നതെന്നും രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നു.

STORY HIGHLIGHTS: Pawar is not PM face, Oppn unity paramount: Praful Patel

Next Story